ബടുമി (ജോര്‍ജ്ജിയ) :വനിതകളുടെ ഫിഡെ ലോക ചെസില്‍ ഇന്ത്യയിലെ നാല് താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. കൊനേരു ഹംപി, വൈശാലി, ദിവ്യ ദേശ്മുഖ്, ഹരിക എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഓരോ റൗണ്ടിലും പൊരുതി നേടിയ ജയത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
അതിശക്തമായ പോരാട്ടമായിരിക്കും ക്വാര്‍ട്ടറില്‍ നടക്കുക. ലോകത്തിലെ മികച്ചതാരങ്ങളായ ലീ ടിംഗ്ജി, മരിയ മ്യൂസിചുക്. അലക്സാണ്ട്ര കോസ്റ്റിന്യൂക്, ടാന്‍ സോംഗി എന്നിവര്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ടൈബ്രേക്കറില്‍ ജയിച്ചാണ് കഷ്ടിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. വൈശാലി കഷ്ടിച്ച് ക്വാര്‍ട്ടറില്‍ കടന്നതിന്റെ സന്തോഷവും അതിന്റെ കഷ്ടപ്പാടും പ്രകടിപ്പിച്ചപ്പോള്‍ മകളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വൈശാലിയുടെ അമ്മയുടെ ചിത്രം ലോകമാധ്യമങ്ങള്‍ ഒപ്പിയെടുത്തത് വൈറലായിരുന്നു. പ്രജ്ഞാനന്ദയും വൈശാലിയും വിദേശത്ത് ചെസ് മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അവര്‍ക്കൊപ്പം ഈ അമ്മയും പോകുമായിരുന്നു. ഇവര്‍ പാചകം ചെയ്യുന്ന സാമ്പാറും ഇഡ്ഡലിയും മാത്രമാണ് മക്കള്‍ കഴിക്കുക. കളിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന കൊനേരു ഹംപി സെമിയിലേക്ക് ഏതാണ്ട് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.