മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.