
ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണടിയുടെ മണ്ണില്‍ താമരമലരുകള്‍ ഇക്കുറി വിരിയിക്കുമെന്ന് ഉറപ്പിച്ച് പോരാടുകയാണ് പ്ലാച്ചേരിയില്‍ വീട്ടില്‍ ഐശ്വര്യ. ദല്‍ഹിയിലെ തട്ടകത്തില്‍ പഠിച്ചും പടവെട്ടിയും എബിവിപിയിലൂടെ കാമ്പസ് രാഷ്‌ട്രീയത്തിലെ പ്രായോഗിക പാഠങ്ങള്‍ സ്വായത്തമാക്കിയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഏനാത്ത് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ബാലഗോകുലത്തിലൂടെയാണ് തുടക്കം. ഉന്നത പഠനത്തിനായി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയപ്പോള്‍ എബിവിപിയില്‍ സജീവമായി. സുധീര്‍ ബോസ് മാര്‍ഗിലെ അതിപ്രശസ്തമായ ദല്‍ഹി ഹിന്ദു കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് വിദ്യാര്‍ത്ഥി ആയിരിക്കെ കോളേജ് യൂണിയന്‍ വൈസ് പ്രസിഡന്റായി വിജയിച്ചു. ഈ പ്രായോഗിക പാഠങ്ങളുടെ പിന്‍ബലത്തിലാണ് ഐശ്വര്യ പത്തനംതിട്ട ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നത്. ഒപ്പമുള്ളത് ഊര്‍ജ്ജസ്വലമായ കാമ്പസ് യുവത്വമാണ്. കേരളത്തിലെത്തി എറണാകുളം ലോ കോളജില്‍ നിയമ പഠനം നടത്തുന്നതിനിടെയാണ് അങ്കത്തട്ടിലിറങ്ങാന്‍ അവസരം വന്നത്. വലിയ സ്വീകാര്യതയാണ് ഏനാത്ത് ഡിവിഷനില്‍ ലഭിക്കുന്നത്. വെറും സമയം കൊല്ലി രാഷ്‌ട്രീയത്തിലല്ല, ഭാരതത്തെ സമ്പൂര്‍ണ വികസനത്തിന്റെ അമൃതകാലത്തിലേക്ക് നയിക്കുന്ന മാറ്റത്തിന് തുടക്കം കുറിക്കാനാണ് മത്സരിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.
കഴിഞ്ഞ തവണ അച്ഛന്‍ അഡ്വ. രാജു മണ്ണടി മത്സരിച്ച ഏനാത്ത് ഡിവിഷനില്‍ ഇക്കുറി ഐശ്വര്യ കച്ചമുറുക്കുന്നത് വിജയം കൊണ്ട് ഒരു മധുര പ്രതികാരത്തിനാണ്. അച്ഛന്‍ അഡ്വ. രാജുവും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ അമ്മ ആര്‍. ബീനയും തിരുവനന്തപുരം ലോ കോളജില്‍ നിയമ വിദ്യാര്‍ത്ഥിയായ സഹോദരന്‍ ജയസൂര്യയും പിന്തുണയുമായി ഒപ്പമുണ്ട്.
രണ്ടാംഘട്ട പ്രചാരണത്തില്‍ അണികളെ ആവേശത്തിലാക്കുന്ന സംഘാടന തന്ത്രമാണ് ഐശ്വര്യ സ്വീകരിച്ചിരിക്കുന്നത്. ദേശീയ വിഷയങ്ങള്‍ എടുത്തു കാട്ടി, തികഞ്ഞ പക്വതയോടെ നാടിന്റെ വികസന മുരടിപ്പു മറികടക്കാന്‍ ആവശ്യമായ പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളാണ് യുവസ്ഥാനാര്‍ത്ഥി സമ്മതിദായകര്‍ക്കു മുന്നില്‍ വെക്കുന്നത്. വികസന കാര്യത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്ന വേറിട്ട പദ്ധതികളെല്ലാം വോട്ടര്‍മാരെ ഏറെ സാധീനിച്ചു കഴിഞ്ഞു.
രാത്രി വളരെ വൈകി പ്രചാരണം കഴിഞ്ഞെത്തിയാലും ചെറുപ്പം മുതല്‍ പഠിച്ചുവന്ന കലാ സാധകം മുടക്കാതിരിക്കാനും ഐശ്വര്യ സമയം കണ്ടെത്തുന്നു. പ്ലാച്ചേരിയില്‍ വീടിന്റെ പടി കടന്നെത്തിയാല്‍ ഉള്‍ത്തളത്തില്‍ നിന്നും ഓട്ടന്‍ തുള്ളലിന്റെ താളം കേള്‍ക്കാം, സംസ്ഥാന കലോത്സവങ്ങളില്‍ എ-ഗ്രേഡോടെ ഐശ്വര്യ നേടിയ സമ്മാനങ്ങളുടെ നിരയുണ്ട് വീട്ടില്‍.
സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യ പുരോഗതി എന്നതാണ് ഐശ്വര്യയുടെ മുദ്രാവാക്യം. അതിനായുള്ള പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടുന്ന ഐശ്വര്യ സമൂഹത്തില്‍ അത് പ്രാവര്‍ത്തികമാക്കി കാണിക്കുകയാണ്. ”രാഷ്‌ട്രീയത്തിലൂടെ രാഷ്‌ട്ര സേവനം, അഭിഭാഷകവൃത്തിയിലൂടെ സാമൂഹ്യ സേവനം” അതാണ് തന്റെ ലക്ഷ്യമെന്ന് ഈ തീപ്പൊരി പ്രാസംഗിക പറയുന്നു. ഇടതിനും വലതിനും അതിര്‍വരമ്പിട്ട് ഐശ്വര്യ കുതിക്കുമ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് അത് പ്രചോദനമാകുന്നു. പ്രചാരണത്തില്‍ ഐശ്വര്യക്കൊപ്പം യുവതലമുറ ഒന്നാകെ എത്താനുള്ള കാരണവും അതാണ്.