
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട. കർണാടക അതിർത്തിയിൽ എക്സൈസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
നുൽപ്പുഴ നായ്‌ക്കട്ടി സ്വദേശി സി.കെ. മുനീറാണ് പണവുമായി പിടിയിലായത്. ചുവന്ന ഹ്യുണ്ടായ് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. കർണാടക ഭാഗത്തുനിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഈ വാഹനം. കാറിന്റെ പല ഭാഗങ്ങളിലായി പണം സൂക്ഷിച്ചിരുന്നു.
പിടികൂടിയ പണത്തിന്റെ രേഖകൾ ഹാജരാക്കാൻ മുനീറിന് കഴിഞ്ഞില്ല. ഇതോടെ ഇത് കുഴൽപ്പണമാണെന്ന് തിരിച്ചറിഞ്ഞ എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണമാണ് അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്.
മുനീറിനെയും പിടിച്ചെടുത്ത പണവും തുടർനടപടികൾക്കായി എക്സൈസ് ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിന് കൈമാറി. പണം എന്തിനാണ് എത്തിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആദായ നികുതി വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.