ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ രേഖകളില്‍ സുധീഷ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി. കേസില്‍ സുധീഷ് കുമാര്‍ റിമാന്‍ഡിലാണ്. പാളികള്‍ അഴിച്ചപ്പോള്‍ കമ്മീഷണറെ ഒഴിവാക്കി നിര്‍ത്തിയെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണം ഉരുക്കിയെടുത്ത കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. മുരാരി ബാബു സ്വര്‍ണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് സുധീഷ് കുമാറില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.