കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍. സ്വര്‍ണക്കൊള്ളയില്‍ പ്രഥമദൃഷ്ട്യ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും അനുബന്ധരേഖകളുമാണ് ഇ.ഡി. ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇ.ഡി നല്‍കിയ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പരിശോധിച്ചതില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ നടത്തിട്ടുണ്ടെന്ന് ഇ.ഡി പറയുന്നു. അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും എഫ്.ഐ.ആറിന്റെയും മറ്റ് രേഖകളുടെയും പകര്‍പ്പ് അനിവാര്യമാണെന്നും ഇഡി പറഞ്ഞു.
ഇ.ഡി. അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ തീരുമാനമെടുക്കാനോ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല. അതിനാല്‍, അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി നടപടി നിലനില്‍ക്കില്ലെന്നും ഇ.ഡി. ഹൈകോടതിയില്‍ വ്യക്തമാക്കി.
ഹരജി മാസം 17ന് കോടതി പരിഗണിക്കും.