ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ഇടത് വാരിയെല്ലിനും പ്ലീഹയ്ക്കും പരിക്കേറ്റ താരത്തെ സിഡ്‌നി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ താരം ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും, തുടര്‍ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയില്‍ തന്നെ കഴിയുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കിന്റെ സ്വഭാവവും ചികിത്സയുടെ വിശദാംശങ്ങളും ഉള്‍പ്പെട്ട ഔദ്യോഗിക പ്രസ്താവനയും ബോര്‍ഡ് പുറത്തിറക്കി.
ഒക്ടോബര്‍ 25നാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ ഫീല്‍ഡിംഗിനിടെ അയ്യറിന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നതോടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ സമയബന്ധിതമായ ചികിത്സയിലൂടെ താരത്തിന്റെ നില വേഗത്തില്‍ മെച്ചപ്പെട്ടതായി ബിസിസിഐ അറിയിച്ചു.