കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കുറ്റപത്രം നല്‍കിയപ്പോള്‍ അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുന്‍ കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവറുമായ യദു പുതിയ ഹരജി നല്‍കി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.
2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയില്‍ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.