ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഇന്‍ഡി മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നു. സഖ്യം വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ച ആപ് നേതാക്കള്‍ പങ്കെടുക്കാത്ത ആദ്യ യോഗമായിരുന്നു ഇത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് ആപ് മുന്നണി വിട്ടത് സഖ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വരുന്ന സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായി.
ബിജെപി – എന്‍ഡിഎ, സഖ്യത്തിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഇന്‍ഡി മുന്നണിയില്‍ മാസങ്ങളായി അസ്വസ്ഥതകള്‍ തുടരുകയാണ്. കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യ മനോഭാവവും ചെറിയ പാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന പോലും നല്‍കാത്തതും തുടക്കത്തില്‍ തന്നെ സഖ്യത്തില്‍ പടലപ്പിണക്കത്തിന് കാരണമായിരുന്നു.
ഹരിയാന, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയും പിന്നീടുണ്ടായ പ്രസ്താവനകളും സഖ്യത്തിനകത്തും എതിര്‍സ്വരങ്ങളുണ്ടാക്കി.