ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.