• Thu. Feb 27th, 2025

24×7 Live News

Apdin News

സഹതടവുകാരിയെ ആക്രമിച്ചു; നല്ല നടപ്പ് പരിഗണിച്ച് ജയിൽ മോചിതയാക്കാൻ മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരെ വീണ്ടും കേസ്

Byadmin

Feb 27, 2025


കണ്ണൂർ: ജയിലിനുള്ളിൽ വച്ച് സഹ തടവുകാരിയായ വിദേശ വനിത ആക്രമിച്ചതിന് ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന ഷെറിന് ശിക്ഷാ കാലാവധി ഇളവ് ചെയ്ത് ജയിൽ മോചിതയാക്കാൻ മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. ശുപാർശ ഗവർണറുടെ പരിഗണനയിലാണ്. അതിനിടെയാണ് ഷെറിനെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 24ന് ഷെറിനും മറ്റൊരു തടവുകാരിയുടെ ചേർന്ന് വിദേശവനിതയെ ആക്രമിച്ചുവെന്നാണ് കേസ്. ഇതിൽ കണ്ണൂർ ടൗൺ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുടിവെള്ളമെടുക്കാനായി പോയി വിദേശിയെ ഇവർ തടഞ്ഞു വച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മുൻപും ജയിലിൽ ഷെറിൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ഷെറിന് ശിക്ഷായിളവിനുള്ള ശുപാർശ നൽകിയതെന്നാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം.

ജയിലിൽ ഇവർക്ക് കൂടുതൽ പരിഗണന ലഭിച്ചിരുന്നതായി സഹതടവുകാർ ഉൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് പുതിയ സംഭവം. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു. അവിടെ വെയിൽ കൊള്ളാതിരിക്കാനായി ജയിൽ ഡോക്ടർ ഷെറിന് കുട അനുവദിച്ചതും വിവാദമായി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.



By admin