
പാലക്കാട്: ഒരു കോടി രൂപ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്റെ തന്നെ ഉത്തരവിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമായി. സാമ്പത്തിക സ്ഥിതി പരിഗണിച്ച് ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ മാസം എട്ടുമുതല്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടുന്നതായി ഉത്തരവിറങ്ങിയിരുന്നു. ഇതു നിലനില്‍ക്കെയാണ് മുഖ്യമന്ത്രിക്കു പുതിയ കാര്‍ വാങ്ങാന്‍ ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചത്.
കൊവിഡ് കാലത്ത് സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം പിന്നീട് പല തവണ നീട്ടിയിരുന്നു. ഒരു വര്‍ഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണം നീട്ടുന്നു എന്നാണ് കഴിഞ്ഞ മാസം 25ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കിയ 154/25 നമ്പര്‍ ഉത്തരവിലുള്ളത്. ഈ ഉത്തരവ് ധനവകുപ്പു തന്നെ അട്ടിമറിച്ചു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 33 ലക്ഷം രൂപ മുടക്കി 2022 ല്‍ വാങ്ങിയ കിയ കാര്‍ണിവല്‍ കാറിന് യാതൊരു തകരാറുമുള്ളതായി റിപ്പോര്‍ട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പുതിയ വാഹനം വാങ്ങുന്നതിനു വേണ്ടി ഒരു കോടി 10 ലക്ഷം രൂപ ധനവകുപ്പ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയുള്ള ഈ ധൂര്‍ത്തിനെതിരെ സിപിഎമ്മില്‍ത്തന്നെ വിമര്‍ശനമുയരുന്നുണ്ട്.