
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സും കാലിക്കറ്റ് എഫ്സിയും റൗണ്ട് റോബിന്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. ഇന്നലെ നടന്ന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക് എഫ്സിയെ പരാജയപ്പെടുത്തിയതോടെ കൊമ്പന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ന് കാലിക്കറ്റ് എഫ്സിയെ പരാജയപ്പെടുത്തിയാല്‍ കൊമ്പന്‍സിന് സെമിയിലേക്ക് മുന്നേറാം. എന്നാലും കണ്ണൂരിന്റെ സെമി പ്രവേശനത്തിന് മലപ്പുറത്തിന്റെ അവസാന മത്സരം വരെ കാത്തിരിക്കണം. ഈ മത്സരത്തില്‍ മലപ്പുറവും ജയിച്ചാല്‍ കണ്ണൂര്‍ സെമി കാണാതെ പുറത്തുപോകും.
കാലിക്കറ്റ് നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞതിനാല്‍ അവര്‍ക്ക് ഈ മത്സരത്തിന് പ്രത്യേക പ്രസക്തിയൊന്നുമില്ല. ഒന്‍പത് കളികളില്‍ നിന്ന് ആറ് വിജയവും രണ്ട് സമനിലയും തോല്‍വിയുമടക്കം ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് എഫ്സി സെമിയിലേക്ക് കുതിച്ചത്. കൊമ്പന്‍സിനെതിരെ കോഴിക്കോട് നടന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് 1-0ന് വിജയിച്ചിരുന്നു. മൂന്ന് വീതം വിജയവും സമനിലയും തോല്‍വിയുമടക്കം 12 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് നിലവില്‍ നാലാംസ്ഥാനത്തേക്ക് മാറി. കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്സി ഈ സീസണിലെ അവസാന പ്രാഥമിക റൗണ്ട് കളിക്കിറങ്ങുന്നത്. കണ്ണൂര്‍ വാരിയേഴ്സിനെതിരായ കളിയിലെന്ന പോലെ കാലിക്കറ്റ് എഫ്സി ഇന്നും ടീം മൊത്തത്തില്‍ അഴിച്ചുപണിത് ആദ്യ ഇലവനെ ഇറക്കാനാണ് സാധ്യത. കണ്ണൂരിനെതിരെ എട്ട് മാറ്റങ്ങളായിരുന്നു കാലിക്കറ്റ് പരിശീലകന്‍ ആദ്യ ഇലവനില്‍ വരുത്തിയത്. അവരുടെ മികച്ച താരങ്ങളായ മുഹമ്മദ് അജ്സല്‍, നായകന്‍ പ്രശാന്ത്, ഫെഡ്രറിക്കോ തുടങ്ങിയവര്‍ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. സെമിക്ക് മുന്‍പായി സ്ഥിരം താരങ്ങള്‍ക്ക് ആവശ്യത്തിനുള്ള വിശ്രമം നല്‍കുകയാണ് ലക്ഷ്യം.
അതേസമയം സ്വന്തം മൈതാനത്ത് മലപ്പുറം എഫ്സിയുമായി 1-1ന് സമനില പാലിച്ചതിന്റെ നിരാശയിലാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങുന്നത്. പാട്രിക് മോട്ട, ബിസ്പോ, വിക്ടര്‍ ലിമ, റൊണാള്‍ഡ് കോസ്റ്റ തുടങ്ങിയ വിദേശതാരങ്ങളും അബ്ദുള്‍ ബാദിഷ്, കെ. തുഫൈല്‍, മുഹമ്മദ് ജാസിം, മുഹമ്മദ് സരിഫ് ഖാന്‍ തുടങ്ങിയവരും അടങ്ങിയ കൊമ്പന്‍സ് നിര ശക്തമാണെങ്കിലും പ്രതിരോധത്തില്‍ പിഴവുകളുണ്ട്. കഴിഞ്ഞ ഒന്‍പത് കളികളില്‍ നിന്ന് 10 ഗോളടിച്ച അവര്‍ വഴങ്ങിയത് ഒന്‍പത് ഗോളുകളാണ്.