കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് വീണ മിഥുനെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത് വഴിപോക്കനായ കാര്‍ത്തിക്കെന്ന യുവാവ്. തേവലക്കര സ്വദേശിയും അടൂര്‍ അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്‌ഥനുമായ കാര്‍ത്തിക്കാ(32)ണ് എല്ലാവരും അന്ധാളിച്ചുനില്‍ക്കേ ഏറെ പണിപ്പെട്ട് മിഥുന്റെ ശരീരം താഴെയിറക്കിയത്.
ഓഫീസിലേക്കു പോകാന്‍ സ്‌കൂളിനു സമീപത്തുകൂടി ബൈക്കില്‍ വരുമ്പോഴാണ് കുട്ടികള്‍ പരിഭ്രാന്തരായി ഓടുന്നതു കണ്ടത്. നിലവിളിച്ചുകൊണ്ട് ഒരു സ്‌ത്രീ ഓടുന്നതും കണ്ടു. ആരോ മരച്ചില്ലയില്‍ തൂങ്ങിനില്‍ക്കുന്നുവെന്നാണ് ആദ്യം കരുതിയത്. കാര്‍ത്തിക് ഓടിച്ചെല്ലുമ്പോള്‍ സ്‌കൂള്‍ ജീവനക്കാര്‍ പകച്ചുനില്‍ക്കുകയായിരുന്നു.
സൈക്കിള്‍ ഷെഡിനു മുകളില്‍ കയറിയാല്‍ ഷോക്കടിക്കുമെന്ന് അവര്‍ വിളിച്ചുപറഞ്ഞു. അത് വകവയ്‌ക്കാതെ കാര്‍ത്തിക് ഷെഡിനു മുകളില്‍ കയറി.
മിഥുന്‍ വൈദ്യുതിക്കമ്പിയില്‍ കമഴ്‌ന്ന് കിടക്കുകയായിരുന്നു. കമ്പോ മറ്റോ എടുത്തുതരാന്‍ താഴെനിന്ന കുട്ടികളോട് പറഞ്ഞു.
ഒരു ബെഞ്ചെങ്കിലും എടുത്തുതരാന്‍ പറഞ്ഞപ്പോഴാണ് ഒരു ജീവനക്കാരന്‍ അതെടുത്തു കൊടുത്തത്. പ്രദേശവാസിയായ ഒരാള്‍ വലിയ പട്ടികക്കഷണങ്ങളുമായി സഹായത്തിനെത്തി. ഇരുവരും ചേര്‍ന്ന് ലൈനില്‍നിന്നു കുട്ടിയെ നീക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. അപ്പോഴേക്കു ലൈന്‍ ഓഫായെന്നു മനസിലായി.
താഴെയെത്തിച്ച് കുട്ടിക്കു കൃത്രിമ ശ്വാസോഛ്വാസം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. അപ്പോഴേക്കു മാനസികമായി തളര്‍ന്ന കാര്‍ത്തിക് ഓഫീസിലേക്കു പോകാതെ വീട്ടിലേക്കു മടങ്ങി. അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നാണു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം അതല്ലെന്നാണ് വിവരം. മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ താത്‌പര്യമില്ലെന്നും കാര്‍ത്തിക് പറഞ്ഞു.