• Mon. Jul 21st, 2025

24×7 Live News

Apdin News

സ്‌കൂള്‍ പഠന സമയ മാറ്റം : സംഘടനകളുമായി സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും

Byadmin

Jul 20, 2025



തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. ഉച്ചയ്‌ക്ക ശേഷം 3 മണിക്കാണ് ചര്‍ച്ച.

സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയാണ്. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തൊനൊരുങ്ങുന്നത്.

പഠന സമയം അര മണിക്കൂര്‍ കൂട്ടി രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കണക്കിലെടുത്താണ് പുതിയ സമയക്രമം.

എന്നാല്‍ പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസമാകുമെന്നുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെ വിവിധ മുസ്ലിം സംഘടനകള്‍ പറയുന്നത്.സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്തംബര്‍ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെങ്കിലും സമയമാറ്റം പിന്‍വലിക്കില്ലെന്നും മറിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നുമാണ് നേരത്തെ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

By admin