
ഗുരുവായൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഹരിനാമകീര്‍ത്തനത്തിന്റെ അലയൊലിയില്‍ ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു. ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത്. ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജയും നടന്നു.
രാവിലെ ഉഷപൂജക്കുശേഷം ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കത്തിടമ്പോടുകൂടിയ സ്വര്‍ണക്കോലമേറ്റിയുള്ള കാഴ്ചശീവേലി നടന്നു. കൊമ്പന്മാരായ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളായി. തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ് മാരാര്‍, കക്കാട് രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി.
ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഇന്നലെ രാത്രിയോടെ 15 ദിവസം നീണ്ടുനിന്ന ചെമ്പൈ സംഗീതോത്സവത്തിനും സമാപ്തിയായി.