
ന്യൂദല്‍ഹി: ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇനി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യമെടുക്കാം. ഇപ്പോള്‍ അദ്ദേഹം ഇന്ത്യാമുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ചിലപ്പോള്‍ ഭാവിയില്‍ ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നും പറയുന്നു. ഹേമന്ത് സോറനെ മടുപ്പിച്ചത് ബീഹാറിലെ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സഖ്യകക്ഷിയുടെ ഭാഗമായ ഹേമന്ത് സോറന് പുല്ലുവില പോലും കല്‍പിച്ചില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്ക് സീറ്റ് പങ്കുവെയ്‌ക്കാന്‍ പോലും രാഹുല്‍ ഗാന്ധിയോ തേജസ്വിയോ തയ്യാറായില്ല. ഇതോടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നതായി അന്തസ്സുള്ള ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു.
വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന, കൊടുത്ത വാക്ക് കര്‍ശനമായി പാലിക്കുന്ന, ഹൃദയത്തില്‍തൊട്ട് പ്രവര്‍ത്തിക്കുന്ന മോദിയുടെ പല മുഖങ്ങള്‍ പലപ്പോഴായി ഹേമന്ത് സോറന്‍ കണ്ടിരുന്നു. അവിടെയാണ് മോദി ഹേമന്ത് സോറന്റെ മനസ്സില്‍ വ്യത്യസ്തനായത്. ആ ദിവസം ഓര്‍മ്മയുണ്ടോ?രാഷ്‌ട്രീയത്തില്‍ ഇതിഹാസമായി മാറിയ ഷിബു സോറന്‍ എന്ന ഹേമന്ത് സോറന്റെ പിതാവ് മരിച്ച ദിവസം. ഷിബു സോറന്‍ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഹേമന്ത് സോറന്റെ വീട്ടിലേക്ക് ആദ്യം പാഞ്ഞുചെന്നവരില്‍ ഒരാള്‍ മോദിയായിരുന്നു.
രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം ജാര്‍ഖണ്ഡിലെ അവരുടെ വസതിയിലേക്ക് മോദി എന്ന പ്രധാനമന്ത്രി എത്തി. മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.”
ഒരു കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ വീഴാതെ കാത്ത് രക്ഷിച്ച ഷിബു സോറന്‍. വാസ്തവത്തില്‍ സോണിയാഗാന്ധിയുടെ കുടുംബം ഷിബുസോറന്റെ കുടുംബത്തോട് ഏറ്റവുമധികം നന്ദി കാണിക്കേണ്ടവരാണ്. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.