'പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം; പ്രളയങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ മുന്നൊരുക്കങ്ങള്‍ വേണം'; സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍

Thursday 22 August 2019 12:55 pm IST

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ചില ഓര്‍മ്മപ്പെടുത്തലുകളുമായി നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. പ്രകൃതി സംബന്ധമായി സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളും അദ്ദേഹം ബ്ലോഗിലുടെ പങ്കുവച്ചത്. പ്രളയത്തില്‍ നിന്നും കരകയറുകയും ഇനിയോരു പ്രളയം ഉണ്ടാകാത്തിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മോഹന്‍ലാല്‍ പരോക്ഷമായി വിമര്‍ശിച്ചു.. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്നു തിരിച്ചറിയേണ്ടതുണ്ട്.

ഒഡീഷയില്‍ ചുഴലിക്കാറ്റോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തനങ്ങളെ നാം ഉദാഹരണമാക്കണമെന്ന്  അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ല. എന്നാല്‍, ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നമുക്ക് മുന്‍കൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങള്‍ നടത്താനും സാധിക്കും. നമ്മുടെ രാജ്യത്തുതന്നെ സമീപകാലത്ത് ഇതിന് ഉദാഹരണങ്ങളുണ്ട്.  1999ല്‍ ഒഡീഷയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാല്‍, അതേ സംസ്ഥാനത്ത് ഈ വര്‍ഷം  ഫാനി ചുഴലിക്കാറ്റില്‍ മരണ സംഖ്യ 25 പേരായി കുറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് ദുരന്തങ്ങളെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു വിഷയത്തോട് കേരള ജനത എങ്ങനെയാണ് പ്രതികരിക്കുന്നത്തെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് ശേഷം പ്രളയം’ എന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല കാരണം പ്രളയം നമുക്കൊപ്പമാണെന്നും മോഹന്‍ലാല്‍ ഓര്‍മിപ്പിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മളാല്‍ കഴിയുന്ന വിധത്തില്‍ പരസ്പരം സഹായിക്കാം. പ്രകൃതിയോട് നമുക്ക് വിനയവും സ്‌നേഹവും വേണമെന്നും, പ്രകൃതി ദൈവമാണെന്നും പറഞ്ഞാണ് മോഹനലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.