'ഇവന്‍ ചെറുപ്പം മുതല്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്നു. ഇവന്റെ കൈയില്‍ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും' അജാസിനെ കുറിച്ച് അഭിഭാഷകന്‍

Advocate Jiyas Jamal , Soumya pushpakaran murder, Ajas

കൊച്ചി: മാവേലിക്കരയില്‍ പോലീസുകാരിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും പെട്രോള്‍ ഒഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിനു നേരത്തേ തന്നെ അക്രമ സ്വഭാവം ഉള്ളയാളായിരുന്നുവെന്ന് പഠനകാലത്ത് ഇയാളുടെ ജൂനിയറായിരുന്ന അഭിഭാഷകന്‍. ചെറുപ്പം മുതല്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്ന ഇവന്‍ പലപ്പോഴും ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ടെന്നു ഹൈക്കോടതി അഭിഭാഷകനായ ജിയാസ് ജമാല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

പോലീസില്‍ ജോലി കിട്ടിയെന്ന് കുറച്ച് നാള്‍ മുമ്പ് കേട്ടപ്പോള്‍ ,ഇവന്റെ കയ്യില്‍ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനുമെന്നും ജിയാസ് കുറിപ്പില്‍ പറയുന്നു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ചെറ്റ എന്റെ സീനിയറായിരുന്നു… ചെറുപ്പം മുതല്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്ന ഇവന്‍ പലപ്പോഴും ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്..പോലീസില്‍ ജോലി കിട്ടിയെന്ന് കുറച്ച് നാള്‍ മുമ്പ് കേട്ടപ്പോള്‍ ,ഇവന്റെ കയ്യില്‍ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും..ഇന്നിപ്പോള്‍ ഒരു പോലീസുകാരിയെ വെട്ടിയും തീയിട്ടും ക്രൂരമായി കൊന്നിരിക്കുന്നു ഈ മനുഷ്യമൃഗം..

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പോലീസ് ഉദ്യോഗസ്ഥനായ അജാസ് കൊലപ്പെടുത്തിയത്. നാട്ടുകാരാണ് അജാസിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അജാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി അജാസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

സൗമ്യയുടെ പോസ്റ്റു മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പോസ്റ്റുമോര്‍ട്ടം. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.

Ads by Google