പാക് സര്‍ക്കാരിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ 'പൂച്ചയുടെ ഫില്‍റ്റര്‍'; ചിരിപൊട്ടി ഇന്റര്‍നെറ്റ് ലോകം

സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീമിങ് സംവിധാനങ്ങള്‍ ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ലൈവ് വീഡിയോ പണി തരും എന്നതിന്റെ ഉത്തമ മാതൃകയാണ് പാകിസ്താനിലെ ഒരു പ്രാദേശിക ഭരണകൂടത്തിന് പറ്റിയ അമളി.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്​രീഖ് ഇ ഇന്‍സാഫിന്റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാർട്ടി ഫെയ്‌സ്ബുക്ക് പേജിൽ ലൈവിട്ടത്. ഇതിനിടെ ഫെയ്സ് ബുക്ക് ലൈവിലെ പൂച്ചയുടെ ഫില്‍റ്റര്‍ അബദ്ധത്തില്‍ ആക്റ്റിവേറ്റായി. ഇതോടെ യോഗത്തിലെ മുഖ്യ വ്യക്തിത്വങ്ങളുടെ തലയില്‍ പിങ്ക് നിറത്തിലുള്ള പൂച്ചച്ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ജനം ഏറ്റെടുത്തു. അതോടെ മൊത്തം ചിരിയായി.

വീഡിയോ കണ്ടു നിന്നവരുടെ കമന്റ് കണ്ടപ്പോഴാണ് വീഡിയോ കൈകാര്യം ചെയ്തയാള്‍ക്ക് സംഗതി പിടികിട്ടിയത്. ഉടന്‍ തന്നെ ഫില്‍റ്റര്‍ ഓഫ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വൈറലായി മാറിയിരുന്നു.

സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായതോടെ സംഗതി പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ രാഷ്ട്രീയ പരിഹാസമായും ആഘോഷിക്കപ്പെട്ടു.

Content Highlights: Pakistan Khyber Pakhtunkhwa govt’s Live streaming on Facebook with cat filters