സി.പി.എമ്മില്‍ നേതൃത്വത്തെ ഞെട്ടിച്ച് പാളയത്തില്‍പ്പട തുടരുന്നു. സമ്മേളനകാലത്തു പാര്‍ട്ടി ഘടകം പിരിച്ചുവിടുന്നതും പ്രാദേശികനേതാക്കള്‍ മറുകണ്ടം ചാടുന്നതുമടക്കമുള്ള അസാധാരണനീക്കങ്ങള്‍ക്കും പാര്‍ട്ടി ഏരിയാ സമ്മേളനങ്ങള്‍ സാക്ഷ്യംവഹിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്കുശേഷം, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സമാശ്വാസജയം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാവാത്ത വിധം സി.പി.എമ്മില്‍ നേതൃത്വത്തെ ഞെട്ടിച്ച് പാളയത്തില്‍പ്പട തുടരുന്നു. മുമ്പും സമ്മേളനകാലത്തു വിഭാഗീയത തലപൊക്കിയിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി ചോദ്യംചെയ്തുള്ള പ്രതിഷേധങ്ങളാണിപ്പോള്‍ അരങ്ങേറുന്നത്. സമ്മേളനകാലത്തു പാര്‍ട്ടി ഘടകം പിരിച്ചുവിടുന്നതും പ്രാദേശികനേതാക്കള്‍ മറുകണ്ടം ചാടുന്നതുമടക്കമുള്ള അസാധാരണനീക്കങ്ങള്‍ക്കും പാര്‍ട്ടി ഏരിയാ സമ്മേളനങ്ങള്‍ സാക്ഷ്യംവഹിക്കുന്നു. കീഴ്ഘടകങ്ങളില്‍ നീറിക്കത്തുന്ന അസംതൃപ്തി ജില്ലാ, സംസ്ഥാനസമ്മേളനങ്ങളില്‍ ആളിക്കത്തുമെന്ന സൂചനയാണു പുറത്തുവരുന്നത്.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഒരുവിഭാഗം സി.പി.എം. പ്രവര്‍ത്തകര്‍ സമാന്തര ഏരിയാ കമ്മിറ്റി ഓഫീസ് തുറന്നു. കൊഴിഞ്ഞാമ്പാറ ടൗണില്‍ ഇ.എം.എസ്. സ്‌മാരകം എന്ന പേരിലാണ് പുതിയ ഓഫീസ്. കോണ്‍ഗ്രസ് വിട്ട് 2003-ല്‍ സി.പി.എമ്മില്‍ എത്തിയയാളെ നേതൃസ്‌ഥാനത്തേക്ക് ജില്ലാ സെക്രട്ടറി കൊണ്ടുവന്നതോടെയാണു കൊഴിഞ്ഞാമ്പാറയില്‍ വിഭാഗീയത മറനീക്കിയത്.
വിമതവിഭാഗം രണ്ടുതവണയായി സി.പി.എം. പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുകയും ഏരിയാ, ജില്ലാനേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് സമാന്തര പാര്‍ട്ടി ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷന്‍ എസ്. മുഹമ്മദ് ഫാറൂഖ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റി അംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ്, മുന്‍ ലോക്കല്‍ സെക്രട്ടറി വി. ശാന്തകുമാര്‍, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍. വിജയാനന്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ സുമേഷ്, ഫരീദ, എ. മുഹമ്മദ് ബഷീര്‍, എം. സദ്ദാം ഹുസൈന്‍, എ. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഇതിനിടെ കൊല്ലത്ത് നേതൃത്വത്തിനെതിരേ പ്രത്യക്ഷപ്രതിഷേധങ്ങളിലേക്കു കടന്ന വിഭാഗീയതയേത്തുടര്‍ന്ന് സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തിലുണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മിറ്റിക്കു പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും നടപടി വിശദീകരിച്ച് ഗോവിന്ദന്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്‌താണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പകരം അഡ്‌ഹോക് കമ്മിറ്റി നിലവില്‍വരുമെന്നും ഗോവിന്ദന്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടി പരിശോധിച്ച് തീരുമാനിക്കും. പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ നിലപാട് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നു ഗോവിന്ദന്‍ താക്കീത് നല്‍കി.
ആലപ്പഴയില്‍ കായംകുളം സി.പി.എമ്മിലെ രൂക്ഷമായ വിഭാഗീയതയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ യുവനേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. കായംകുളം എരിയാ കമ്മിറ്റി മുന്‍ അംഗവും ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗവുമായ അഡ്വ. ബിപിന്‍ സി. ബാബുവാണ് പാര്‍ട്ടി വിട്ടത്.