തിരുവനന്തപുരം: പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി അഭിമുഖീകരിക്കുന്നത്. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറി.
സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഡിജിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എഡിജിപി എംആര്‍ അജിത്കുമാറിനെ മാറ്റിയിരുന്നു. ഇന്ന് പോലീസുകാരുടെ സംസ്ഥാന സമ്മേളനത്തില്‍ എഡിജിപി അജിത്കുമാറിനെതിരേ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനാണ് സാധ്യത.
വിവാദങ്ങള്‍ രൂക്ഷമായതോടെയാണ് വിശ്വസ്തനായ അജിത്കുമാറിനെ മുഖ്യമന്ത്രി തഴഞ്ഞതും പി.വി. അന്‍വറിന്റെ കൂടെ നിന്നതും. എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.
സേനയില്‍ അജിത് കുമാര്‍ സര്‍വ്വശക്തനാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തിയെന്നും പറയുന്നു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.