• Sat. Jan 28th, 2023

24×7 Live News

Apdin News

Actor Thambi Antony wrote a note on the death of Dr. Rodini Mong | ഏഴാം വയസ്സിൽ കാഴ്‌ച്ച നഷ്ടപ്പെട്ടിട്ടും മലയാളവും ഹിന്ദിയും സംസ്‌കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും; സാധാരണ അമേരിക്കക്കാരിൽ നിന്നും വ്യത്യസ്തനായ കൊച്ചുമനുഷ്യൻ; ഡോക്ടർ റോഡിനി മോങിന്റെ നിര്യാണത്തിൽ കുറിപ്പുമായി നടൻ തമ്പി ആന്റണി

Byadmin

Jan 21, 2023


മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ പരിമിതികൾക്കിടയിൽ നിന്നും തന്റെ മാതൃഭാഷ പോലെ തന്നെ മറ്റനേകം ഭാഷകളെ സ്വായത്തമാക്കിയ വ്യക്തി.കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ പച്ചവെള്ളം പോലെ മലയാളം പറഞ്ഞ അമേരിക്കക്കാരൻ.അതായിരുന്നു ഡോക്ടർ റോഡിനി മോങ്.ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിൽ ആദ്യമായി ഒരു മലയാളം വിഭാഗം ആരംഭിക്കാൻ മുൻകൈ എടുത്ത വ്യക്തികൂടിയാണ് അദ്ദേഹം.

അദ്ദേഹം വിടപറയുമ്പോൾ അദ്ദേഹവുമായുള്ള അനുഭവത്തിന്റെയും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നേട്ടത്തെയും കുറിച്ച് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെക്കുകയാണ് നടൻ തമ്പി ആന്റണി..

കുറിപ്പിന്റെ പൂർണ്ണരൂപം

ആദരാഞ്ജലി.
മലയാളത്തെയും മലയാളികളെയും മരിക്കുന്നതുവരെ സ്‌നേഹിച്ച ഭാഷാസ്‌നേഹിയായിരുന്നു ഡോക്ടർ റോഡിനി മോങ്. ഇന്ന് ടെക്‌സാസിലെ ഓസ്റ്റിൻ സർവ്വകലാശാലയിൽനിന്നും മലയാളവിഭാഗം പ്രൊഫെസ്സർ ദർശനാ ശശി അയച്ച മെസ്സേജ് കൂടി താഴെ കുറിക്കുന്നു.
‘Sorry to inform you that Profeossr Dr. Rodney Moag Passed away’

ജോലിയിൽനിന്നും വിരമിച്ചതിനുശേഷം. ടെക്‌സസ്സിലെ ഓസ്റ്റിനിൽ സർവകലാശാലയുടെ അടുത്തുള്ള ഒരു നഗരത്തിൽ, വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം എന്നുകൂടി ഓർമ്മപ്പെടുത്തുന്നു.
Dr. Rodney Moag ..

ഡോക്ടർ മോങ് സാധാരണ വെള്ളക്കാരിൽനിന്നും വ്യത്യസ്തനായ ഒരു കൊച്ചുമനുഷ്യനായിരുന്നു. ഏഴു വയസ്സിൽ കണ്ണിനു കാഴ്‌ച്ച നഷ്ടപ്പെട്ട ആ അമേരിക്കക്കാരൻ ഹിന്ദിയും സംസ്‌കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും, ബിരുദാനന്ത ബിരുദവും നേടിയിരുന്നു. കണ്ണുള്ളവർപോലും കാണാത്ത പലതും അദ്ദഹം കാണുകയും അറിയുകയും ചെയ്യുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഒരിക്കൽ ദർശന ടീച്ചർക്കൊപ്പം വീട്ടിലേക്കു ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു.

‘ആന്റണി സാർ എന്റെ വീട്ടിൽ വരുബോൾ എന്തെങ്കിലും കഴിക്കാതെ പോകരുത്” ഞാൻ സ്‌നാക്കും കോഫിയും കരുതിയിട്ടുണ്ടന്ന് ദർശന ടീച്ചറോട് പറയണമെന്നും പറഞ്ഞു.’ ഒരു മലയാളി കൂട്ടുകാരനെ കാണാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് ‘
എന്നൊക്കെ നല്ല ഉച്ഛാരണശുദ്ധിയിൽ തന്നെയാണ് ഫോണിൽകൂടെ പറഞ്ഞത്. പറയാൻ ബുദ്ധിമുട്ടുള്ള ‘ഴാ’ യും ‘രാ’യുമൊക്കെ ഇത്രയും വ്യക്തമായി നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന തമിഴ് നാട്ടുകാർക്കുപോലും പറയാൻ സാധിക്കുന്നില്ല എന്നുകൂടി ഓർക്കുബോൾ തീർച്ചയായും ഇതൊരത്ഭുതപ്രതിഭാസംതന്നെ. എന്താണ് അദ്ദേഹം ദർശനടീച്ചർ എന്നു വിളിക്കുന്നത് എന്ന് ഞാൻ ദർശനയോടുതന്നെ ചോദിച്ചു.

‘കേരളത്തിനിന്നും പഠിച്ചതാണത്’ ദർശന പറഞ്ഞു. അദ്ദേഹം രണ്ടു വഷത്തോളം കേരളത്തിൽ താമസിച്ചിരുന്നു. എന്നതും എനിക്കൊരു പുതിയ അറിവായിരുന്നു. ഓസ്റ്റിൻ യൂണിവേസിറ്റിയിൽ മലയാളം പഠിക്കുന്ന എല്ലാ മലയാള വിദ്യാർത്ഥികളും അങ്ങനെത്തന്നെയാണ് സംബോധന ചെയുന്നത് എന്നും ദർശന ഓർമിപ്പിച്ചു. അമേരിക്കയിൽ ടീച്ചർ എന്നു വിളിക്കപ്പെടുന്ന ഒരേയൊരധ്യാപിക ദർശനയായിരിക്കുമെല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ ദർശനായും കുറെ ചിരിച്ചു. കാർ വീടിന്റെ വാതുക്കൽ നിർത്തിയപ്പോഴേക്കും ഡോക്ടർ റോഡിനി മോങ് അതിഥികളെ സ്വീകരിക്കാനെന്നോണം മുൻവശത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങി വന്നു. കൈയിൽ ഒരു ഒന്നുവടിപോലുമില്ലാതെ സുസ്‌മേരവദനനായി മുറ്റത്തു വന്നു നിന്നു . ഞങ്ങൾ കാറ് ഡ്രൈവേയിൽ പാർക്ക് ചെയ്യിതിറങ്ങിയപ്പോഴേ

‘ആന്റണി വരണം വരണം’ എന്ന് നല്ല നാടൻ മലയാളത്തിൽ പറഞ്ഞു. നേരത്തെതന്നെ ഫോണിൽ ആ മലയാളം കേട്ടതുകൊണ്ട് ഞങ്ങൾക്കു തെല്ലും അതിശയം തോന്നിയില്ല. പിന്നീട് വളരെ ആഥിത്യമര്യാദയോടെ ഞങ്ങളെ അകത്തേക്കാനയിച്ചു . വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടായതുകൊണ്ടായിരിക്കണം ആ വീടിന്റെ മുക്കും മൂലയുംവരെ അദ്ദേഹത്തിനറിയാം. അതൊക്കെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിൽ തെളിയുന്നുണ്ടാവണം എന്നു ഞാനൂഹിച്ചു.

‘ ആന്റണിക്കു കുടിക്കാൻ എന്തുവേണം , കാപ്പിയോ ചായയോ അതോ ഇനി വിസ്‌ക്കിയാണങ്കിൽ അതും ഉണ്ട്’
ഒരു മലയാളി അതിഥിയെ സൽക്കരിക്കാനുള്ള ആ ഉത്സാഹം ആർക്കും അപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ന് 2016 ൽ എൺപത്തി രണ്ടു വയസായ ഡോക്ടർ മോങ്ങിന് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതദ്ദേഹമാതു പറയുകയും ചെയിതു. ഡയാലിസിസ് ഉള്ളതുകൊണ്ട് അടുത്ത ദിവസം എന്റെ പ്രസന്റെഷന് വരാൻ പറ്റില്ല എന്ന് ഖേദപൂർവ്വം പറഞ്ഞു. ഞാനായിരുന്നു ആ വർഷം മലയാളം വിഭാഗത്തിനുവേണ്ടി സാഹിത്യവും സിനിമയം എന്ന വിഷയത്തെ അധികരിച്ച് ഒരു പ്രഭാഷണം നടത്തിയത്. ഡോക്ടർ ശശിയാണ് എന്നെ ക്ഷണിച്ചത്. അതുകൊണ്ട് ഞങ്ങൾക്കും അദ്ദേഹം വരണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അത് ഞാൻ അറിയിക്കുകയും ചെയിതു.

കേരളത്തിൽനിന്നും ഏറ്റവും അകാലത്തിൽ, ഭൂഗോളത്തിന്റെ അങ്ങേത്തലക്കൽ ജീവിക്കുന്ന മിസ്റ്റർ മോങ്ഗ് എന്തുകൊണ്ടു മലയാളം പഠിക്കണമെന്ന് തീരുമാനിച്ചു. അതായിരുന്നു എന്നിൽ ഏറ്റവും കൂടുതൽ ജിജ്ഞാസ ഉളവാക്കിയത്. ആദ്യം ദർശനയോടുതന്നെയാണ്‌ചോദിച്ചത്. അദ്ദേഹം അവിടെ വിദ്യാർത്ഥി ആയിരുന്നപ്പോൾത്തന്നെ വളെരെ യാദൃച്ഛികമായി അവിടെ പഠിക്കാൻ വന്ന മലയാളികളെ പരിചയപ്പെടുകയുണ്ടായി. അവർ തമ്മിൽ മലയാളം പറയുന്നതുകേട്ടപ്പോൾതന്നെ ആ ഭാഷയെപ്പറ്റി അറിയാനുള്ള ആകാംഷയായി. അതത്ര എളുപ്പമുള്ള ഭാഷയല്ല പഠിക്കാൻ എന്നുപറഞ്ഞുകൊണ്ട് അന്നവർ അദ്ദേഹത്തെ കളിയാക്കി. അതുകൊണ്ടായിരിക്കണം ഒരു ഭാഷാസ്‌നേഹിയായ ആ അദ്ധ്യാപകന് മലയാളം എങ്ങനെയെങ്കിലും പഠിക്കണെമെന്നുള്ള വാശിയുണ്ടായത്. കാഴ്ചയില്ലാത്തതുകൊണ്ട് ‘Love at first hearing’ എന്നുവേണമെങ്കിൽ പറയാം.

അങ്ങനെ അന്നുമുതൽ മലയാളഭാഷയോടു തോന്നിയ പ്രണയമാണ് അദ്ദേഹത്തിന് മലയാളം പഠിക്കാൻ പ്രേരകമായത്. ആദ്യത്തെ ഉദ്യമം ആ ഭാഷ സംസാരിക്കുന്ന ഭൂമികയിലേക്കുള്ള ഒരു യാത്രയായിരുന്നു. അങ്ങനെ വെറും ഒരു ഊന്നുവടിയുമായി കേരളത്തിലും വന്ന് വർഷങ്ങൾ താമസിച്ചു ഭാഷയേയും സംസ്‌കാരത്തെയും മനസ്സിലാക്കി. പവ്ലോ കൊയ്ലോ എന്ന പ്രമുഖ എഴുത്തുകാരൻ പറഞ്ഞതുപോലെ. ‘മനുഷ്യൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ സാധിക്കാത്ത ഒരു കാര്യവുമില്ല’. എന്തായാലും ഒരിക്കലും മലയാളം എന്ന ഒരു ഭാഷയെപറ്റിപോലും കേട്ടുകേൾവിയില്ലാത്ത ആ അമേരിക്കക്കാരൻ അക്ഷരംപ്രതി അതു തെളിയിച്ചു. മലയാള ഭാഷയെ ഇഷ്ടപെട്ടതുകൊണ്ട് കഷ്ടപ്പെട്ടു പഠിച്ചു.

അങ്ങനെയാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിൽ ആദ്യമായി ഒരു മലയാളം വിഭാഗം തുടങ്ങിയത്. തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും ആ മലയാളപ്രേമി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ എൺപത്തി എട്ടിൽതന്നെ ഇരുപത്തഞ്ചിലധികം വിദ്യാർത്ഥികളുമായി ആദ്യത്തെ മലയാളം ബാച്ചും തുടങ്ങി. ഏതാണ്ട് നാൽപ്പതു വർഷമായി നല്ലരീതിയിൽത്തന്നെ പോകുന്നുമുണ്ട്. ഡോക്ർ റൊണാൾഡ് ഡേവിസ് ആണ് ഇപ്പോഴത്തെ ഭാഷാ മേധാവിയെങ്കിലും. മലയാളത്തിന്റെ ചുമതല ദർശന ടീച്ചർ തന്നെയാണ്. കേരളത്തിനു പുറത്ത് മറ്റേതെങ്കിലും സർവകലാശാലകളിൽ ഇത്രയും വിജയകരമായ ഒരു മലയാളവിഭാഗം ഉണ്ടെന്നു തോന്നുന്നില്ല. നല്ല ഒരു ഭാഷാസ്‌നേഹിയായിരുന്ന ആ മഹത് വ്യക്തിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചുകൊള്ളുന്നു.