മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ പ്രഹരം. കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ചതോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. ഇക്കാര്യം ധനമന്ത്രി കെ എൻ ബാലഗോപാലും ശരിവച്ചു. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 32,440 കോടിരൂപയുടെ കടമെടുപ്പ് പരിധി നേരത്തെ കേന്ദ്രം നിശ്ചയിച്ചെങ്കിലും, 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി. 17,110 കോടിയുടെ കുറവ് ഇതോടെ വരും. കഴിഞ്ഞ വർഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാൽ 7610 കോടിയുടെ കുറവ്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.
ഇതോടെ ദൈനംദിന ചെലവുകൾക്ക് അടക്കം സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാകും. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തിൽ ലഭിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ 2,000 കോടി വായ്പയെടുത്തതിനാൽ കേന്ദ്രസർക്കാർ നടപടി കേരളത്തിന് കനത്ത തിരിച്ചടിയാണ്. വായ്പ എടുക്കാനാവുന്ന തുകയെക്കുറിച്ചുള്ള വിവരം എത്രയാണെന്ന് കേന്ദ്രത്തോട് കേരളം നേരത്തെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അറിയിച്ചിരുന്ന 32,440 കോടിയിൽ നിന്ന് വൻ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു.
ഇപ്പോഴുള്ള വായ്പാ പരിധിയായ 15,390 കോടിയിൽ നിന്ന് 2,000 കോടി രണ്ട് മാസത്തെ പെൻഷൻ, ശമ്പളം എന്നീ ആവശ്യങ്ങൾക്കായി വായ്പ എടുത്തിരുന്നു. ഇതോടെ നിലവിലെ സാമ്പത്തിക വർഷത്തിൽ കേരളത്തിന് എടുക്കാവുന്ന വായ്പ 13,390 രൂപയായി ചുരുങ്ങി. നികുതി വർദ്ധന പ്രാബല്യ ത്തിൽ വന്നത് മൂലം സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർദ്ധനവുണ്ടെങ്കിലും ദൈനം ദിന ചെലവ്ക്ക് അതുമതിയാവില്ല.
വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെങ്കിലും കിഫ്ബിയുടെ പേരിൽ എടുത്ത വായ്പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നാണ് ലഭിക്കുന്ന വിവരം. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത വായ്പകൾ കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതയി സിഎജി റിപ്പോർട്ട് പുറത്തുവന്നെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെൻഷനുകളും പൂർണമായി നൽകാനായിട്ടില്ല.
ഈ സാമ്പത്തിക വർഷം കേരളത്തിന് 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കുറവ് വരുത്തിയ വിവരം വെള്ളിയാഴ്ചയാണ് അറിയിച്ചത്. കഴിഞ്ഞ വർഷം 32,400 കോടിരൂപ വായ്പയെടുക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. അനുവദിച്ചത് 23,000 കോടിയും. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയുമെടുത്ത 14,312 കോടിയുടെ വായ്പ കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. ചെലവുകൾ വൻതോതിൽ വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നു. ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. സർക്കാർ ജീവനക്കാരുടെയും യുജിസി അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക, ലീവ് സറണ്ടർ എന്നിവ കൊടുത്തുതീർത്തിട്ടില്ല. മാസം തോറും ക്ഷേമപെൻഷൻ വിതരണം ചെയ്യാനും സാഹചര്യമായില്ല.