• Tue. Dec 3rd, 2024

24×7 Live News

Apdin News

Congress will also lose Milma Ernakulam regional union. | മില്‍മ എറണാകുളം മേഖലാ യൂണിയനും കോണ്‍ഗ്രസിന്‌ നഷ്‌ടമാകും, കെ.പി.സി.സി നിര്‍ദേശം പാലിക്കാതെ ചെയര്‍മാന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണത്തിനു സാദ്ധ്യത

Byadmin

Nov 29, 2024


milma, kerala

തിരുവനന്തപുരം: കെ.പി.സി.സി നിര്‍ദേശവും തള്ളിയതോടെ മില്‍മ എറണാകുളം മേഖലാ യൂണിയനും കോണ്‍ഗ്രസിന്‌ നഷ്‌ടമാകുന്നു. സര്‍ക്കാര്‍ നിര്‍ദേശം മറികടന്നു പൊതുയോഗത്തില്‍ എടുത്ത നിര്‍ദേശങ്ങളാണ്‌ യൂണിയനു വിനയായത്‌. സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണത്തിലേക്കു നീങ്ങുകയാണ്‌. ഇക്കാര്യം മംഗളം മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഭരണസമിതിയെടുത്ത തീരുമാനം പൊതുയോഗത്തില്‍ ചെയര്‍മാന്‍ തന്നെ അലങ്കോലപ്പെടുത്തിയെന്ന്‌ 16 അംഗ ഭരണ സമിതിയിലെ എട്ടു പേര്‍ ആരോപിച്ചിരുന്നു. യോഗ തീരുമാനങ്ങളില്‍ വിയോജനകുറിപ്പ്‌ രേഖപെടുത്തിയ ഇവര്‍ പരാതിയുമായി മുന്നോട്ട്‌ പോയത്തോടെയാണ്‌ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. ഈ മാസം 14നു നടന്ന പൊതുയോഗത്തിന്‌ എതിരെയാണ്‌ അന്വേഷണം. യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധിയും പരാതി ഉന്നയിച്ചിരുന്നു. കോട്ടയം ക്ഷീരവകുപ്പ്‌ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ബ്രിന്‍സി മാണിയാണ്‌ അന്വേഷണത്തിനു നേതൃത്വം നല്‍കുക.

എറണാകുളം മേഖലാ ക്ഷീരോത്‌പാദക യൂണിയന്‍ വിശേഷാല്‍ പൊതുയോഗമാണ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ പിരിഞ്ഞതെന്ന്‌ അംഗങ്ങള്‍ രേഖമൂലം ആരോപിച്ചത്‌. ഇതേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ എറണാകുളം മേഖലാ യൂണിയന്‍ തെരഞ്ഞെടുപ്പു നടത്താതെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി വയ്‌ക്കുന്നതിനുള്ള സാഹചര്യംഒരുങ്ങുന്ന കാര്യം മംഗളം അന്ന്‌ പുറത്തുകൊണ്ടുവന്നിരുന്നു. സെപ്‌റ്റംബര്‍ 24 ല്‍ ഡയറി രജിസ്‌ട്രാറുടെ നിര്‍ദേശപ്രകാരം കേരള സഹകരണ നിയമത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി ബൈലോയില്‍ ഭേദഗതി വരുത്തുന്നതിന്‌ അംഗീകാരം നല്‍കുന്നതിനുമായിരുന്നു മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിശേഷാല്‍ പൊതുയോഗം നടന്നത്‌.

ഈ മാസം ഒന്നിന്‌ മേഖലാ യൂണിയന്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതിയോഗം കേരള സഹകരണ നിയമം 28 (എബി) വകുപ്പുപ്രകാരമുള്ള തുടര്‍ച്ചയായി മൂന്ന്‌ ടേമില്‍ കൂടുതല്‍ മേഖലാ യൂണിയനിലേക്ക്‌ മത്സരിക്കാന്‍ പാടില്ലാ എന്ന വ്യവസ്‌ഥയുള്‍പ്പെടെയുള്ള ഭേദഗതികള്‍ അംഗീകരിക്കുകയും ഇത്‌ പൊതുയോഗത്തില്‍ പാസാക്കുന്നതിന്‌ അജന്‍ഡയില്‍ വെയ്‌ക്കുകയും ചെയ്‌തിരുന്നു.

നിയമം പാസായാല്‍ നിലവിലെ ചെയര്‍മാന്‍ തുടര്‍ച്ചയായി കഴിഞ്ഞ 24 വര്‍ഷമായി ഭരണസമിതി അംഗവും അതില്‍ തന്നെ 8 വര്‍ഷം ചെയര്‍മാനുമായി തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്‌ അടുത്ത യൂണിയന്‍ മേഖലാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലായിരുന്നു. ഇതേ തുടര്‍ന്ന്‌ പെരുമ്പാവൂരില്‍ ചേര്‍ന്ന വിശേഷാല്‍ പൊതുയോഗത്തില്‍ ബൈലോഭേദഗതി പൂര്‍ണമായി അംഗീകരിക്കണമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ക്ഷീരസംഘം പ്രസിഡന്റുമാര്‍ അഭിപ്രായപെട്ടത്‌. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ കുറച്ചുപേരെ കൊണ്ട്‌ ബഹളംവയ്‌പ്പിക്കുകയും ഈ ബഹളത്തില്‍ ബൈലോഭേദഗതി 28(എബി) വ്യവസ്‌ഥ തള്ളിക്കളഞ്ഞതായി ഏകപക്ഷീയമായി പ്രഖ്യാപിച്ച്‌ പൊതുയോഗം ചെയര്‍മാന്‍ അവസാനിപ്പിച്ചുവെന്നുമാണ്‌ ചില ബോര്‍ഡ്‌ അംഗങ്ങള്‍ പറയുന്നത്‌.

ചെയര്‍മാന്‍ ഭേദഗതി പാസാക്കി എന്നു പറഞ്ഞതിനുശേഷവും യോഗം പിരിഞ്ഞു പോകുന്ന സമയത്താണ്‌ സര്‍ക്കാര്‍ നോമിനിക്ക്‌ സംസാരിക്കാന്‍ അവസരം കൊടുത്തത്‌. ഇക്കാര്യം സര്‍ക്കാര്‍ പ്രതിനിധിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ്‌ അന്വേഷണത്തിനു കളമൊരുങ്ങിയത്‌.

നിയമസഭ ഏകകണ്‌ഠമായി പാസാക്കിയതും എറണാകുളം മേഖലാ യൂണിയന്‍ ഭരണ സമിതി ഐക്യകണ്‌ഠ്യേന അംഗീകരിച്ചതുമായ ഭേദഗതി അംഗീകരിക്കണമെന്ന്‌ കഴിഞ്ഞ മാസം 25 ന്‌ കെ.പി.സി.സി. യൂണിയന്‌ കത്തു നല്‍കിയിരുന്നു.

ഇതടക്കം തള്ളിയ ചെയര്‍മാന്റെ നടപടിക്കെതിരേ ഭരണസമിതി അംഗങ്ങള്‍ പൊതുയോഗത്തില്‍ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തുകയും ചെയ്‌തു.
അന്വേഷണം വന്ന സാഹചര്യത്തില്‍ മില്‍മ എറണാകുളം മേഖലയുടെ ഭരണവും കോണ്‍ഗ്രസിന്‌ നഷ്‌ടമാകാനുള്ള സാധ്യതയാണ്‌ ഉരുത്തിരിയുന്നത്‌. കെ.പി.സി.സിയുടെ നിര്‍ദേശം അനുസരിക്കാത്ത ചെയര്‍മാനും ഒപ്പം നിന്ന അംഗങ്ങള്‍ക്കും എതിരേ പാര്‍ട്ടി നടപടിയും ഉണ്ടായേക്കാം.

ജി. അരുണ്‍



By admin