മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നില്‌ക്കേയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തേക്കു വരുന്നത്. ഉന്നത സിപിഎം നേതാക്കൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ ചെറുമീനുകളെ ബലിയാടാക്കി തടിയൂരാനാണ് ശ്രമമെന്ന വികാരം തൃശ്ശൂരിലെ സിപിഎമ്മിനുള്ളിൽ ശക്തമായിരിക്കുന്നത്. തൃശ്ശൂരിലെ പാർട്ടി നേതൃത്വം തങ്ങളെ ചതിച്ചുവെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ നേതാക്കളുണ്ട്. ഇതെല്ലാം സിപിഎമ്മനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ്.
സിപിഎം സഹകരണ ബാങ്കുകൾ മുഖേനയാണ് തട്ടിപ്പുകൾ നടന്നത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതോടെ മറ്റു ബാങ്കുകളിലേക്കും അന്വേഷണം എത്തുമെന്നത് ഉറപ്പാണ്. ഇത് ജില്ലയിലെ സിപിഎമ്മിന്റെ അടത്തിട്ടിനെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുമോ എന്നതിലാണ് ആശങ്ക. പാർട്ടിക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലാണ് തെളിവുകൾ പുറത്തേക്കു വരുന്നത്.
ഇ.ഡി.യുടെ റെയ്ഡിലും ചോദ്യംചെയ്യലിലും വാർത്താക്കുറിപ്പുകളിറക്കി പ്രതിരോധിച്ചിരുന്ന പാർട്ടിനേതൃത്വം ഇപ്പോൾ മൗനത്തിലാണ്. പാർട്ടിയെ തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയാണ് റെയ്‌ഡെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. എന്നാൽ, റെയ്ഡ് അല്ല, അതിന്റെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങളാണ് പാർട്ടിയെ ഇപ്പോൾ കുഴപ്പത്തിലാക്കുന്നത്.
വായ്പത്തട്ടിപ്പുകൾ നടന്നത് സിപിഎം. ഭരിക്കുന്ന ബാങ്കുകളിലാണെന്ന ഇ.ഡി. റിപ്പോർട്ടുകൂടി ആയതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ്. കരുവന്നൂർ തട്ടിപ്പിൽ ശക്തമായ നടപടിയെടുത്തെന്നാണ് പാർട്ടി വാദം. പ്രമുഖ നേതാക്കളെ ഇ.ഡി. ചോദ്യംചെയ്യാൻ തുടങ്ങിയതോടെ, ജീവനക്കാരെ ബലിയാടുകളാക്കുകയായിരുന്നെന്ന് അണികൾപോലും വിശ്വസിക്കുന്നു. നടപടി നേരിട്ടവരും ഇക്കാര്യങ്ങൾ പറയുന്നു. പാർട്ടി അണികൾക്കിടയിൽ ഈ വികാരം ശക്തമാണ്. സഹകരണ സ്ഥാപനങ്ങളിലേക്ക് പണം എത്തിയത് പലപ്പോഴും പ്രാദേശിക നേതാക്കളുടെ വിശ്വാസ്യത മുതലെടുത്താണ്. തങ്ങളെ വിശ്വസിച്ച പലർക്കും പണം പോയെന്നാണ് ഇപ്പോൾ വ്യക്തമാകുന്ന കാര്യം.
കള്ളപ്പണമിടപാടാണ് ചില നേതാക്കളുടെ അറിവോടെ നടന്നതെന്ന് ഇ.ഡി. പാർട്ടിയുടെ അടിയുറച്ച ബാങ്കുകളിലേക്കും അന്വേഷണമെത്തി. പാർട്ടി ക്രമക്കേടിന് കൂട്ടുനിന്നിട്ടില്ലെന്ന് വിശദീകരണം: കൊള്ളപ്പലിശക്കാരൻ വെളപ്പായ സതീശന്റെ അടുപ്പക്കാരാണ് നേതാക്കളെന്ന് വ്യക്തമായി. പല നേതാക്കളും അത് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സതീശന്റെ സാമ്പത്തികാടിത്തറ വളർന്നത് സിപിഎം. നേതാക്കളുടെ ഒത്താശയോടെയെന്ന് വ്യക്തം. കണ്ണൂരുകാരനയ സതീശിന് സിപിഎമ്മിലെ ഒരു തലമുതിർന്ന നേതാവുമായി ബന്ധമുണ്ട്. ഈനേതാവിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ല. എത്തിയാൽ അവിടെ രാഷ്ട്രീയമായ ഒത്തുതീർപ്പു വരുമെന്ന സംസാരം അടക്കം സിപിഎം അണികൾക്കിടയൽ ശക്തമാണ്.
ലോക്‌സഭയിൽ ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. സുരേഷ് ഗോപി വീണ്ടും മത്സരിക്കാൻ ഇറങ്ങുമ്പോൾ വിജയിപ്പിക്കാൻ വേണ്ടിയാണ് ഇഡി ഓപ്പറേഷനെന്ന പ്രതിരോധം സിപിഎം മുന്നോട്ടു വെക്കുന്നുണ്ട്. അതേസമയം സിപിഐ പതിവായി മത്സരിക്കുന്ന സീറ്റിൽ ഏതു രാഷ്ട്രീയ പാർട്ടിയാകും ഡീലുമായി വരിക എന്ന ചോദ്യങ്ങളും ചില കോണുകളിൽ നിന്നും ഉയരുന്നു. രക്ഷപെടാൻ ഉന്നതരുണ്ടെങ്കിലും എന്തും സംഭവിക്കാമെന്ന നിരീക്ഷണങ്ങളും ശക്തമാണ്.
കരുവന്നൂർ ബാങ്കിലെ ആർക്കും പണം നഷ്ടപ്പെടില്ലെന്ന വാദം ഉയർത്തിയാണ് സിപിഎം ആദ്യം ആരോപണങ്ങളെ നേരിട്ടത്. ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്കുപോലും അതു കിട്ടാതെ മരിച്ചവരുടെ വിവരങ്ങളും വിവാഹാവശ്യത്തിനുപോലും പണം കിട്ടാത്തവരുടെ വിവരങ്ങളും പാർട്ടി അണികൾക്ക് നേരിട്ടറിയാവുന്നത്. നിക്ഷേപകരുടെ നിസ്സഹായാവസ്ഥയ്ക്ക് മറുപടി പറയാനോ പരിഹാരം കാണാനോ പാർട്ടിക്ക് സാധിക്കാത്ത അവസ്ഥ വന്നു
കരുവന്നൂർ തട്ടിപ്പ് പുറത്തു പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്നും സിപിഎം. ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്നും പുറത്താക്കി പാർട്ടി വായടപ്പിച്ചിരുന്നു. തട്ടിപ്പു സംബന്ധിച്ച് കിട്ടിയ പരാതികൾ ജില്ലാതലത്തിൽ ആദ്യം പൂഴ്‌ത്തിയെങ്കിലും പിന്നീട് അന്വേഷണത്തിന് രണ്ട് നേതാക്കളെ നിയമിച്ചു. വീഴ്ചവരുത്തിയ അഞ്ച് പ്രാദേശിക േനതാക്കളെ സസ്‌പെൻഡ് ചെയ്ത് പ്രശ്‌നം തീർക്കാൻ ശ്രമിച്ചെങ്കിലും ആരോപണങ്ങൾ വീണ്ടും പൊങ്ങിവന്നു. യഥാർഥ പ്രതിയായ വെളപ്പായ സതീശനെ രക്ഷിക്കാൻ അന്വേഷണകമ്മിഷൻ അംഗങ്ങൾ ശ്രമിച്ചെന്ന ആരോപണം ശക്തമായി.
അന്വേഷണക്കമ്മിഷൻ അംഗം പി.കെ. ബിജുവിനു നേരെയായിരുന്നു ആരോപണം. പാർട്ടിയുടെ ജില്ലയിലെ കരുത്തൻ എ.സി. മൊയ്തീൻ എംഎൽഎ.യുടെ വീട്ടിൽ ഇ.ഡി. 22 മണിക്കൂർ റെയ്ഡ് നടത്തിയതും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പാർട്ടിയെ വെട്ടിലാക്കി. ആരോപണവിധേയരായ നേതാക്കളുടെമേൽ നടപടികളെടുത്ത് പാർട്ടിയുടെ മുഖം രക്ഷിക്കാനാകുമോയെന്ന് സംസ്ഥാനനേതൃത്വത്തോട് ചോദിച്ചേക്കും.
പാർട്ടിക്ക് വേണ്ടി പലപ്പോഴും ഫണ്ടുകൾ സമാഹരിച്ചതും സഹകരണ ബാങ്കുകൾ വഴിയായിരുന്നു. പാർ്ട്ടി സമ്മേളനം നടന്നപ്പോൾ പോലും നേതാക്കളുടെ ആവശ്യപ്രകാരം വൻതുകകൾ സഹകരണ ബാങ്കുകളിൽ നിന്നും പിരിച്ചിട്ടുണ്ട്. ഈ തുകയുടെ കണക്കുകൾ പോലും പലർക്കും അറിവില്ലാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് സഹകരണ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണെന്നത് വ്യക്തമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ സിപിഎം എങ്ങനെ മറികടക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.