• Sun. Jan 29th, 2023

24×7 Live News

Apdin News

Janmabhumi| ഹലാല്‍ സോപ്പുകുമിള പൊട്ടിത്തകരുന്നുവോ ? അറബി ഭക്ഷണത്തില്‍ അപകടം പതിയിരിയ്ക്കുന്നുവോ ?

Byadmin

Jan 25, 2023


 

ഹലാല്‍ എന്നാല്‍ മുസ്ലീങ്ങള്‍ക്ക് അനുവദിയ്ക്കപ്പെട്ടത് എന്നാണ് അര്‍ത്ഥമെന്ന് ഇസ്ലാമിക വക്താക്കള്‍ വിശദീകരിയ്ക്കുന്നു. മുമ്പ് ഭക്ഷണം ഹലാലാക്കാന്‍ അതില്‍ തുപ്പുന്നു എന്ന ആരോപണം ഉയര്‍ന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഈ വിശദീകരണം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലായത് ഹലാല്‍ ലേബല്‍ ഒട്ടിച്ച് പലരും വില്‍ക്കുന്ന ഭക്ഷണങ്ങള്‍ മുസ്ലീങ്ങള്‍ക്ക് പോയിട്ട്, മനുഷ്യര്‍ക്കാര്‍ക്കും അനുവദനീയമല്ല എന്നാണ്. ഒരുപക്ഷേ മൃഗങ്ങള്‍ക്കു പോലും ജീവഹാനി വരുത്താന്‍ തക്കവിധം അഭക്ഷ്യമായ ചീഞ്ഞഴുകിയ ഇറച്ചിയാണ് കളമശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്തത്. അത് വാങ്ങുന്ന ഹോട്ടലുകളുടെ ലിസ്റ്റ് നിവൃത്തിയില്ലാതെ അധികൃതര്‍ക്ക് പുറത്തു വിടേണ്ടി വന്നു. അത് വാങ്ങി പാചകം ചെയ്ത് ഉപഭോക്താക്കള്‍ക്ക് വിളമ്പിയിരുന്ന റസ്റ്റാറന്റുകളില്‍ പലതും ഹലാല്‍ സ്ഥാപനങ്ങള്‍ ആയിരുന്നു എന്നത് ഈ ഹലാല്‍ ബ്രണ്ടിങ്ങിന്‍റെ പൊള്ളത്തരം പുറത്തു കൊണ്ടുവന്നു.

സസ്യാഹാരത്തില്‍ നിന്ന് വ്യത്യസ്ഥമായി, മാംസാഹാരങ്ങള്‍ പാകം ചെയ്യുന്നതിനു മുമ്പ്  സൂക്ഷിയ്ക്കുന്നത് വളരെ ശ്രദ്ധയും പണച്ചെലവും ഉള്ള കാര്യമാണ്. ചെടികളില്‍ നിന്ന് പറിച്ചെടുക്കുന്ന കായകളോ കിഴങ്ങുകളോ പച്ചക്കറികളോ വെറും സ്റ്റോര്‍ മുറികളില്‍ സൂക്ഷിയ്ക്കാം. അഥവാ അഴുകിപ്പോയാലും വലിയ തോതിലുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയില്ല. ഏറിയാല്‍ അരുചിയിലോ വയറിളക്കത്തിലോ അത് അവസാനിയ്ക്കും.  എന്നാല്‍ മാംസ വിഭവങ്ങള്‍ മൃഗത്തിന്‍റെ / ജന്തുവിന്‍റെ ശരീരത്തില്‍ നിന്ന് ശേഖരിയ്ക്കുന്ന അപ്പോള്‍ മുതല്‍ ബാക്ടീരിയ വളരുന്നതിന് വളരെ അനുയോജ്യമായ മാദ്ധ്യമമാണ്. അതുകൊണ്ട് മാലിന്യ സ്പര്‍ശമില്ലാതെ, ശുദ്ധജലത്തില്‍ കഴുകി ശീതീകരിച്ച്  സൂക്ഷിച്ചില്ലെങ്കില്‍ മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് ബാക്ടീരിയാ കോളനിയാവാന്‍ തുടങ്ങും. ഏതാനും മണിയ്ക്കൂറുകള്‍ കറണ്ടില്ലാതായാല്‍ ഫ്രിഡ്ജിനുള്ളില്‍ ഇരുന്നു പോലും കേടായിട്ടുണ്ടാവും. അവ പുറത്തെടുത്ത് വേണ്ടരീതിയില്‍ പാകം ചെയ്യാതെ വിളമ്പിയാല്‍ ഭക്ഷ്യവിഷ ബാധ ഉറപ്പ്. അത്തരം വിഭവങ്ങള്‍ പലപ്പോഴും മാരകമായി തീരാനും സാദ്ധ്യത കൂടുതലാണ്.

കേരളത്തില്‍ ഇപ്പോള്‍ കൂണുകള്‍ പോലെ മുളച്ചു പൊങ്ങിക്കൊണ്ടിരിയ്ക്കുന്ന ഫുഡ് ഔട്ട്‌ലെറ്റുകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം പോയിട്ട് പലപ്പോഴും പ്രാഥമിക വിദ്യാഭ്യാസം പോലുമുണ്ടോ എന്ന് സംശയമാണ്. പലയിടത്തും കാണുന്നത് കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാന്‍ വന്ന അന്യഭാഷാ തൊഴിലാളികളെയാണ്. ദിവസം മുഴുവനുള്ള അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ മേല്‍നോട്ടം കൊടുക്കുക അപ്രായോഗികമാണ്. പ്രശ്നം അറേബ്യന്‍ വിഭവങ്ങളുടേതല്ല, അവ തയ്യാറാക്കുന്ന രീതിയിലെ പ്രശ്നമാണ് എന്ന് ചിലര്‍ വാദിയ്ക്കുമ്പോള്‍, വളരെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ നിലവിലുള്ള അറബി നാടുകളില്‍ തന്നെ ഈ ഭക്ഷണങ്ങള്‍ നിരവധി തവണ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

മിഡിൽ ഈസ്റ്റിൽ യാത്ര പോകുന്ന സഞ്ചാരികൾക്ക് സഹായകമാവുന്ന, അവിടുത്തെ ഭക്ഷണം കഴിക്കുമ്പോൾ എന്തൊക്കെ “സൂക്ഷിക്കണം” എന്ന വിവരം ലഭ്യമാവുന്ന 300-350 പേജുള്ള പുസ്തകമാണ് Food safety in the Middle East. ഇക്കഴിഞ്ഞ പതിറ്റാണ്ട് വരെ നിരന്തരം ടൂറിസ്റ്റുകൾക്ക് ഇടയിൽ വ്യാപകമായി ഭക്ഷ്യവിഷബാധ പ്രശ്നം വലിയ ആശങ്കയാവുകയും, ആളുകൾ, പ്രത്യേകിച്ച് യൂറോപ്യൻ ടൂറിസ്റ്റുകൾ, മിഡിൽ ഈസ്റ്റ് ഡെസ്റ്റിനേഷനുകൾ ഒഴിവാക്കാനും തുടങ്ങിയപ്പോൾ ആണ് ഇത്തരം ഒരു പുസ്തകം വന്നത് എന്നതും കൂടെ ചേർത്ത് വായിക്കാവുന്നതാണ്.

അതായത് മിഡിൽ ഈസ്റ്റിൽ ഇതൊക്കെ എന്നും കഴിച്ചിട്ടും ഭക്ഷ്യവിഷബാധ ഇല്ലല്ലോ എന്ന വാദം പൂർണ്ണമായും തെറ്റാണ്. ഇവിടുത്തേതിനെക്കാൾ റെഗുലേഷനുകൾ ഉണ്ടായിട്ടും വ്യാപകമായി തന്നെ ഭക്ഷ്യവിഷബാധ സംഭവിക്കുന്നുണ്ട്. ഇവിടുത്തെ പോലെ മാധ്യമങ്ങൾ അതൊരു മെയിൻസ്ട്രീം വാർത്ത ആക്കാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല എന്നേ ഉള്ളൂ. ഇവിടുത്തെ പോലെ 10-50 പേരൊന്നുമല്ല വിഷബാധയേറ്റ് ആശുപത്രിയിൽ ആവുന്നത്. ഓരോ കേസിലും ആയിരങ്ങൾ ആണ്.

ഇതേ പുസ്തകം നല്‍കുന്ന വിവരങ്ങള്‍

 

ഈജിപ്ത്

2008 ഒക്ടോബറിൽ ഒറ്റ സംഭവത്തിൽ മാത്രം  1400 സ്‌കൂൾ കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. 2013 ഏപ്രിൽ 29ന് കെയ്റോയിലെ സുന്നി പഠന കേന്ദ്രത്തിൽ 161 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ പഠനകേന്ദ്രത്തിൽ ഇതിനൊരു മാസം മുന്നേ 500 പേർക്ക് വിഷബാധയേറ്റ് ആശുപത്രിയിൽ ആയതാണ്. രണ്ട് കേസിലും ട്യൂണ മൽസ്യം ആയിരുന്നു വില്ലൻ.

ടൂറിസത്തിൽ നൈൽ നദിയിലൂടെയുള്ള ക്രൂയിസ് ബോട്ടുകളിൽ ചെറുതും വലുതുമായ ഭക്ഷ്യവിഷബാധ സംബന്ധമായ റിപ്പോർട്ടുകൾ അനവധിയാണ്. 2008 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള 3 മാസങ്ങളിൽ 34 പേർക്കാണ് ഹെപ്പറ്റൈറ്റിസ് A ബാധ സ്ഥിരീകരിച്ചത്. ചെങ്കടൽ സഫാരിയിലും ഭക്ഷ്യവിഷബാധ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  2004ൽ ഈജിപ്തിൽ നിന്നും തിരികെ വന്ന യൂറോപ്യൻ സഞ്ചാരികളിൽ 351 പേർക്ക് ഹെപ്പറ്റൈറ്റിസ് A സ്ഥിരീകരിക്കപ്പെട്ടു.

ജോർദാൻ

2006 വേനലിൽ ഷവർമ്മ തിന്ന് 1000+ ആളുകളാണ് വിഷബാധയേറ്റ് ആശുപത്രിയിൽ ആയത്. മയോണൈസ് ആയിരുന്നു വില്ലൻ.

2007 ഓഗസ്റ്റിൽ 250 പേരാണ് ഷവർമ്മ കഴിച്ച് ആശുപത്രിയിൽ ആയത്. തുടർന്ന് 600 ഫാസ്റ്റ് ഫുഡ് സെന്ററുകൾ അടച്ചു പൂട്ടപ്പെട്ടു. തൊട്ട് മുന്നത്തെ വർഷവും ഇതേ രീതിയിലുള്ള വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

2007 ഒക്ടോബറിൽ 300+ ആളുകൾ ഹമ്മൂസ് കഴിച്ച് വിഷബാധയേറ്റ് ആശുപത്രിയിൽ ആയി. 2012 ജൂലായിൽ അജ്‌വാൻ പ്രവിശ്യയിൽ 16 പേരാണ് വിഷബാധയേറ്റ് ചികിത്സ തേടിയത്.

2014ൽ ചാവുകടലിന് അടുത്തുള്ള ഒരു പ്രീമിയം റിസോർട്ടിൽ വെക്കേഷൻ ആഘോഷിക്കുകയായിരുന്ന ഒരു ജോർദനിയൻ കുടുംബം ബർഗറിലെ മാംസത്തിൽ നിന്ന് വിഷബാധയേറ്റ് ആശുപത്രിയിൽ ആവുകയും അവരുടെ 3 വയസ്സുള്ള മകൻ മരണപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം മറ്റൊരു കുടുംബവും സമാനമായ രീതിയിൽ ചികിൽസ തേടി. പ്രീമിയം റിസോർട്ട് ആണ് എന്നോർക്കണം.

2020 ജൂലായിൽ അമ്മാനിനടുത്ത് 826 പേര് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ആവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ഷവർമ്മയും ചിക്കൻ ചെറുകടി വിഭവങ്ങളും ആയിരുന്നു വില്ലൻ. തുടർന്ന് അടച്ചു പൂട്ടിയ ഈ സ്ഥാപനം പിഴടച്ച് വീണ്ടും തുറന്ന ഉടനെ വീണ്ടും വിഷബാധയേറ്റ് രണ്ട് തവണയായി 1000+ ആളുകളാണ് ആശുപത്രിയിൽ ആയത്. അഞ്ചു ടൺ പഴകിയ മാംസമാണ് ഇതിനു ശേഷം അധികൃതർ ഈ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്.

ലെബനൻ

ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾക്കോ റിപ്പോർട്ടിങിനോ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്ത ലേബനോണിൽ ഭക്ഷ്യവിഷബാധ നിത്യസംഭവമാണ്. ഡോക്യുമെന്റേഷൻ ഇല്ലാത്തതിനാൽ ഡാറ്റ വിരളമാണ്.

2004 മേയിൽ ഒരു ബാങ്ക് കഫെറ്റീരിയായിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് 32 പേരെയാണ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ചിക്കൻ നൂഡിൽസ് ആയിരുന്നു വില്ലൻ.

പലസ്തീൻ, സിറിയ, ഇറാക്ക് തുടങ്ങിയ ഇടങ്ങളിലും സ്ഥിതി സമാനമാണ്. ഈ രാജ്യങ്ങളെല്ലാം താരതമ്യേന ദരിദ്ര രാജ്യങ്ങൾ ആണെന്നും വേണ്ടത്ര ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ അഭാവമുണ്ടെന്നും കരുതാം. എന്നിരുന്നാൽ പോലും സമാനമായ ദരിദ്ര്യാവസ്ഥയിൽ സസ്യാഹാരം കഴിക്കുന്ന പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ അളവിലുള്ള ഭക്ഷ്യവിഷബാധ സംഭവങ്ങൾ കെട്ടുകേൾവിയെങ്കിലും ഉണ്ടോ എന്നത് ചിന്തനീയമാണ്.

ഇനി താരതമ്യേന സമ്പന്നമായ മിഡിൽ ഈസ്റ്റ് രാഷ്ട്രങ്ങൾ നോക്കാം.

ബഹ്‌റൈൻ

2002 ജൂലായിൽ ഒരു വിവാഹ സൽക്കാരത്തിൽ വിളമ്പിയ മയോണൈസ് സൻഡ്‌വിച്ചിൽ നിന്നും വിഷബാധയേറ്റ് 750 പേരാണ് ആശുപത്രിയിൽ ആയത്. പലരും ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ആശുപത്രി വാസം തുടർന്നു. 23 വയസ്സുള്ള ഒരാൾ മരണപ്പെട്ടു.

2003 ഏപ്രിലിൽ നോർത്ത് അറേബ്യൻ ഗൾഫിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ കപ്പലിലെ 34 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

2014ൽ വലിയ തോതിലുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് Autumn Fair ൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചു. ഇത്തരം വാർത്തകൾക്ക് വലിയ പ്രചാരം കൊടുക്കരുത് എന്ന സ്റ്റേറ്റ് പോളിസി മൂലം ബഹ്‌റൈൻ മീഡിയ എത്ര പേർക്ക് വിഷബാധയേറ്റു എന്നതിനെ പറ്റി റിപ്പോർട്ട് ചെയ്തിട്ടില്ല.

2019ൽ ഒരു മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. അനൗദ്യോഗിക വിവരം അനുസരിച്ച് 27 പേർക്കാണ് വിഷബാധയേറ്റത്.

കുവൈറ്റ്

കുവൈറ്റിൽ ഭക്ഷ്യവിഷബാധ സാമാന്യം തുടർച്ചയായി തന്നെ സംഭവിക്കുന്നതാണ് എന്നും വേനലിൽ ഇതിന്റെ നിരക്ക് ഉയരുന്നു എന്നും കുവൈറ്റിലെ തന്നെ മീഡിയ റിപ്പോർട്ടർ ആയ നവാര ഫതോവ 2014ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ വിഷബാധയേറ്റ ആളുകളുടെ ഡാറ്റ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്നും, അതിന് കാരണം മിക്കവരും വൈദ്യസഹായം തേടാതെ വീട്ടിൽ സ്വയം ചികിൽസ നടത്തുന്നതു കൊണ്ടാണ് എന്നും ഇതേ റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും മിക്ക ആശുപത്രികളിലും ഭക്ഷ്യവിഷബാധയ്ക്ക് സമാനമായ കേസുകൾ കൂടെക്കൂടെ വരുന്നുണ്ട് എന്നും, എന്നാൽ അവ ഏത് സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് എന്നോ, എത്ര പേർക്ക് വിഷബാധയേറ്റു എന്നോ പുറത്തറിയാറില്ല എന്നും റിപ്പോർട്ട് പറയുന്നു

2018ൽ ആരിഫ്ജാനിലെ മിലിറ്ററി ക്യാമ്പിൽ 40 സൈനികർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും അതിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുകയും ചെയ്തു. ലോക്കൽ ഫുഡ് സപ്ലയർമാർ ഡെലിവർ ചെയ്ത ഭക്ഷണപദാര്ഥങ്ങളിൽ നിന്നാണ് വിഷബാധയേറ്റത്.

ഇതേ ജൂലൈ മാസത്തിൽ തന്നെ ഹവാലിയിലെ ഫലഫീൽ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 287 പേര് വിഷബാധയേറ്റ് ചികിത്സ തേടിയതിന്‍റെ റിപ്പോർട്ടുകളുണ്ട്. ഇവിടെയും റെസ്റ്റോറന്റ് പൂട്ടിച്ചു എന്നതിൽ കവിഞ്ഞ് കൂടുതൽ വിശദാംശങ്ങൾ മീഡിയ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇരകളായ ഏതാനും പേർ ചില ബ്ലോഗുകളിൽ പങ്കു വെച്ച വിവരമനുസരിച്ച് മയോണൈസ് ഉപയോഗിച്ച വിഭവങ്ങള്‍ കഴിച്ചവർക്കാണ് കൂടുതലും വിഷബാധയേറ്റത്.

2018 നവംബറിൽ ഒരു സർക്കാർ കൺസ്ട്രക്ഷൻ പ്രോജെക്ടിൽ ജോലി ചെയ്യുന്ന 130 പേര് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അവിടേയും കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഒമാൻ

2008ൽ ആശുപത്രി ഭക്ഷണശാലയിൽ നിന്ന് വിഷബാധയേറ്റ് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 58 പേരെയാണ്.

2013ൽ സർക്കാർ ഉടമസ്ഥതയിലുള്ള Quarn Alam ൽ സ്ഥിതി ചെയ്യുന്ന പെട്രോളിയം ഡെവലപ്മെന്റ്റ് ഒമാന്‍ (PDO)ൽ 300 പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. രാജ്യത്തിന്റെ 70%ത്തോളം പെട്രോളിയം ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സുൽത്താനേറ്റിന്റെ സ്വന്തം സ്ഥാപനം ആയതിനാലാവാം, കൂടുതൽ വിശദാംശങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.

2015 സാഹം പ്രൊവിന്‍സിലെ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 20 ഒമാനികൾക്ക് വിഷബാധയേറ്റു. തുടർന്നും ദിവസങ്ങളോളം ഇതേ റെസ്റ്റോറന്റ് തുറന്നു പ്രവർത്തിച്ചെങ്കിലും പിന്നീട് അധികൃതർ പൂട്ടിക്കുകയും, തൊഴിലാളികൾ ജയിലിലാവുകയും ചെയ്തു. എന്നാൽ എന്താണ് വിഷബാധയുണ്ടാക്കിയത് എന്ന വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഓഗസ്റ് 2014ൽ ഇബ്രി പ്രൊവിന്‍സിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 40 പേർക്ക് വിഷബാധയേറ്റു. തുടർന്നും തുറന്ന് പ്രവർത്തിച്ച ഈ സ്ഥാപനത്തിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതും ആയ അസംസ്‌കൃത വസ്തുക്കളുടെ വലിയ സ്റ്റോക്ക് പിടിച്ചെടുക്കപ്പെടുകയും സ്ഥാപനം പൂട്ടുകയും ചെയ്തു.

ഖത്തർ

2014(?)ൽ ഒരു ടർക്കിഷ് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും സ്ഥാപനം സീൽ ചെയ്യുകയും ചെയ്തു. റൈസും ചിക്കനുമാണ് ഇവർ കഴിച്ചത് എന്നതിൽ കൂടുതൽ മറ്റൊരു വിവരവും ലഭ്യമല്ല.

രണ്ട് മാസത്തിന് ശേഷം മറ്റൊരു ടർക്കിഷ് റെസ്റ്റോറന്റും സമാനമായ സാഹചര്യത്തിൽ അടച്ചു പൂട്ടപ്പെട്ടു. ഈ കേസിൽ അനവധി പേർ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി എന്നതല്ലാതെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

പല തവണ നോട്ടീസ് നല്കപ്പെട്ട മറ്റൊരു ടർക്കിഷ് റെസ്റ്റോറന്റിൽ നിന്നും, 2015ൽ, 20 പേർക്ക് വിഷബാധയേറ്റതിനെ തുടർന്ന് അവിടുള്ള അഞ്ച് സ്റ്റാഫുകൾക്ക് പിഴയും ജയില്ശിക്ഷയും, നാട് കടത്തലും ഉൾപ്പടെയുള്ള ശിക്ഷ വിധിച്ചു. മുൻവർഷം, 2014ൽ, ഇതേ റെസ്റ്റോറന്റിൽ നിന്നും പലർക്കും വിഷബാധയേറ്റ സംഭവം ഉണ്ടാവുകയും അതിലൊരു ഗർഭിണി മാസം തികയാതെ പ്രസവിക്കുകയും ചെയ്തിരുന്നു.

2017ൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഹൈജീൻ സ്റ്റാൻഡർഡുകൾ പാലിക്കാത്ത റെസ്റ്റോറന്റുകളുടെ പേരുവിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ അത്തരത്തിലുള്ള ലിസ്റ്റുകൾ ഒന്നും അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ല.

Asim et al. (2019) ന്റെ വാക്ക്ത്രൂ ഓഡിറ്റിൽ ദോഹയിലെ 53 റെസ്റ്റോറന്റുകൾക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നില്ല എന്നു കണ്ടെത്തി. കടുത്ത മോണിറ്ററിങ്ങും ശിക്ഷാ നടപടികളും അവലംബിച്ചിട്ടും മിക്ക റസ്റ്റോറന്റുകളിലും അടുക്കളയിലെ ജോലിക്കാർക്ക് ഒരു ആപ്രൺ പോലും ഇല്ലെന്നും, നിത്യേന ധരിക്കുന്ന വസ്ത്രം ധരിച്ചും വേണ്ടത്ര വ്യക്‌തി ശുചിത്വം ഇല്ലാതെയുമാണ് ജോലികളിൽ ഏർപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു.

സൗദി അറേബ്യ

1984 ൽ ബാക്റ്റീരിയൽ ഫുഡ് പോയ്‌സണിങ്ങിനെ കുറിച്ചുള്ള റിപ്പോർട്ടിങ്ങും, നോട്ടിഫിക്കേഷനും സംബന്ധിച്ച പോളിസി നിലവിൽ വന്നതിന് ശേഷം സാൽമോണെല്ല വിഷബാധ അനേകം തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെസ്റ്റോറന്റുകൾ, മത ചടങ്ങുകൾ, പൊതു സ്ഥാപനങ്ങൾ പോലുള്ള വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്ന കേസുകളിൽ എല്ലാം തന്നെ പലപ്പോഴായി വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2005ൽ ഒരു റെസ്റ്റോറന്റിൽ നിന്നും വിഷബാധയേറ്റ് ജീസാനിലെ ആശുപത്രിയിൽ 19 പേര് ചികിത്സ തേടി. ഒരു സ്ത്രീയുടെ നില ഗുരുതരമായിരുന്നു. പ്രസ്തുത റെസ്റ്റോറന്റ് മുൻപും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകുന്നതിന് നോട്ടീസ് നൽകപ്പെട്ടിരുന്നു.

2008 ജനുവരിയിൽ നജ്‌റാൻ സിറ്റിയിൽ 92 പേരാണ് വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പുതുതായി ആരംഭിച്ച ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റത് മയോണൈസിൽ നിന്നാണ്.

2006ൽ 31 ഭക്ഷ്യവിഷബാധ കേസുകളിൽ നിന്നായി ഖാസിമ്മിൽ ചികിത്സ തേടിയത് 251 പേരാണ്. ഇതിൽ 65% സംഭവങ്ങളും ജൂണ് മുതൽ ഓഗസ്റ്റ് വരെയുള്ള ചൂട് ഉയർന്നു നിൽക്കുന്ന സമയത്തായിരുന്നു. എല്ലാ കേസിലും വിഷബാധയുടെ കാരണം മാംസഭക്ഷണത്തിൽ നിന്നുള്ള സാൽമോണെല്ല ബാക്ടീരിയയായിരുന്നു. ഇതിൽ തന്നെ 68% കേസുകളും ഷവർമ്മയിൽ നിന്നും ചിക്കൻ മട്ടൻ സാൻഡ്‌വിച്ചുകളിൽ നിന്നും ആയിരുന്നു.

2000ൽ റിയാദിൽ ഷവർമ്മയിൽ നിന്നും മയോണൈസിൽ നിന്നും വിഷബാധയേറ്റത് എട്ടു പേർക്ക്.

Bakri et al. (2017) 2006 മുതൽ 2011 വരെ 14 വലിയ ഭക്ഷ്യവിഷ ബാധകള്‍ റിപ്പോർട്ട് ചെയ്യുന്നു.

2006ൽ സഹോദരങ്ങളുടെ കുടുംബങ്ങൾ കൂടിച്ചേർന്ന് താമസിക്കുന്ന തൈഫ് സിറ്റിയിലെ ഒരു കോമ്പൗണ്ടിൽ ആകെയുള്ള 64 പേരിൽ 34 പേർക്കും ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ ഒരാൾ മരണപ്പെട്ടു.

2007ൽ ബിഷ സിറ്റിയിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 55 പേർക്ക് വിഷബാധയേറ്റു. മയോണൈസിൽ നിന്നുള്ള സാൽമോണെല്ല ആയിരുന്നു കാരണം. സമാനമായ സംഭവം 2008ൽ റിയാദിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.

2009ലും 2010ലുമായി അൽ ഖോഫുഫിലും, റിയാദിലും, ഖൈബറിലും, അൽ അഹ്‌സായിലും ഉണ്ടായ ഭക്ഷ്യവിഷബാധകളിലും സാൽമോനെല്ല തന്നെയായിരുന്നു വില്ലൻ. അൽ ഖോഫുഫിൽ അത് ഷവർമ്മയിൽ നിന്നായിരുന്നെങ്കിൽ, ഖൈബറിൽ 55 പേർക്ക് വിഷബാധയേറ്റത് ഒരു റെസ്റ്റോറന്റിൽ നിന്നുള്ള വിവിധ ഭക്ഷണങ്ങളിൽ നിന്നാണ്. റിയാദിൽ കോളേജ് റെസ്റ്റോറന്റിൽ നിന്നും 200 വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്. അൽ അഹ്‌സായിൽ റിസപ്‌ഷനിൽ വിതരണം ചെയ്യപ്പെട്ട ഹോം മേഡ് ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. മാംസവും മയോണൈസും ആയിരുന്നു എല്ലാ കേസിലും ബാക്ടീരിയ വാഹകർ.

യു എ ഇ

മിഡിൽ ഈസ്റ്റിൽ ഈ വിഷയത്തിൽ വളരെ നന്നായി റിപ്പോർട്ട് സൂക്ഷിക്കുകയും വിശദാംശങ്ങൾ പുറത്തു വിടുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് യു എ ഇ.

2011ൽ 1663 ഭക്ഷ്യവിഷബാധ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014ൽ 550 കേസുകളും, 2018ൽ 800 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

2015ൽ ഷാർജ എമിറേറ്റ്സ് നാഷണൽ സ്‌കൂളിൽ 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു. ആതുരസേവനത്തിനുള്ള ധനസമാഹാരണത്തിനായി കുട്ടികൾ വീട്ടിലുണ്ടാക്കി കൊണ്ടുവന്ന് മറ്റു കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. കൃത്യമായി ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് വ്യക്തമായില്ലെങ്കിലും കൂടുതലും വിതരണം ചെയ്യപ്പെട്ടത് അറബിക് വിഭവങ്ങളായിരുന്നു.

2019ൽ 15 പേർക്ക് വിഷബാധയേറ്റതിനെ തുടർന്ന് ജുമൈറയിലെ റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടി. തുടർന്ന് ഗ്രേഡ് താഴ്ത്തി പ്രവർത്തിക്കാൻ അനുവദിച്ചു.

ഷാർജയിലെ ബിൽഡിങ് മെറ്റീരിയൽസ് കമ്പനി തങ്ങളുടെ ആനിവേഴ്‌സറിയുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് 18 പേര് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മാംസത്തിൽ നിന്നും മൽസ്യത്തിൽ നിന്നുമാണ് വിഷബാധയേറ്റത്.

മുകളിൽ കൊടുത്ത നിരവധി ഉദാഹരണങ്ങളിൽ നിന്ന് സമ്പന്നവും ദരിദ്രവും ആയ എല്ലാ മിഡിൽ ഈസ്റ്റ് രാഷ്ട്രങ്ങളിലും ഭക്ഷ്യവിഷബാധ പ്രശ്നങ്ങൾ ഒട്ടും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും, ഒരുവിധം എല്ലാ കേസിലും അറബിക് ശൈലിയിലെ ഭക്ഷണങ്ങളിൽ നിന്നാണ് വിഷബാധയേറ്റത് എന്നും വ്യക്തമാണ്. അതായത് കേവലം നിയമങ്ങളുടെയും നിബന്ധനകളുടെയും, ശിക്ഷാ നടപടികളുടെയും അഭാവമല്ല ഭക്ഷ്യവിഷബാധയ്ക്ക് കാരണം. വൻ തോതിലുള്ള മാംസത്തിന്റെയും മയോണൈസിന്റെയും ഉപയോഗവും, ഭക്ഷണശാലകളിൽ ഉയർന്ന താപനിലയിൽ കുറഞ്ഞ സമയം കൊണ്ട് പാകം ചെയ്യപ്പെടുമ്പോൾ വേണ്ടത്ര പാകമാവാതെ ഭക്ഷിക്കുന്നതും തീർത്തും സംഭവ്യമായ കാര്യം മാത്രമാണ്.

അതായത് ഭക്ഷ്യവിഷബാധ സംഭവിക്കാനുള്ള സാദ്ധ്യത അറബിക് വിഭവങ്ങളുടെ കാര്യത്തിൽ വളരെ കൂടുതലാണ് എന്നു തന്നെയാണ് അറേബ്യന്‍ നാടുകളില്‍ നിന്നു തന്നെയുള്ള ഈ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.