
തിരുവനന്തപുരം: കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ച് നടന് ഫഹദ് ഫാസില്‍. താന്‍ വിദ്യാര്ഥികള്ക്കൊപ്പമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേര്‍ത്തു.
ചർച്ച തുടങ്ങിയപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു . തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരോടൊപ്പം മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനമുള്പ്പെടെ ആരോപിച്ച് വിദ്യാര്‍ഥികളും ചലച്ചിത്രമേഖലയിലുള്ളവരും ഡയറക്ടറുടെ രാജി ആവശ്യപ്പെട്ടിരുന്നു. ശങ്കര്‍ മോഹന്‍ ജാത്യധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരുമാസത്തിലേറെയായി സമരത്തിലാണ്. ഡയറക്ടറുടെ രാജികൊണ്ടുമാത്രം സമരമവസാനിപ്പിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകണമെന്നുമാണു വിദ്യാര്‍ഥികളുടെ നിലപാട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരേ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.