• Wed. Nov 30th, 2022

24×7 Live News

Apdin News

Letter controversy: Ombudsman need not investigate: corporation replies | കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിൽ; ഒപ്പം പൊലീസ് അന്വേഷണവും; ഓംബുഡ്‌സ്മാൻ വിഷയം അന്വേഷിക്കേണ്ടെന്ന് നഗരസഭ സെക്രട്ടറിയുടെ മറുപടി; സംഭവത്തിൽ ക്രൈംബ്രാഞ്ച് നാളെ മേയറുടെ മൊഴിയെടുക്കും

Byadmin

Nov 23, 2022


മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം ഓംബുഡ്സ്മാൻ അന്വേഷിക്കേണ്ടെന്ന് നഗരസഭ. ഓംബുഡ്സ്മാന് നൽകിയ മറുപടി കത്തിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല പൊലീസ് അന്വേഷണവും ഒപ്പം നടക്കുന്നുണ്ട് അതിനാൽ ഓംബുഡ്സ്മാൻ അന്വേഷിക്കേണ്ടെന്നാണ് നഗരസഭ സെക്രട്ടറി നൽകിയ മറുപടിയിലുള്ളത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്. മേയർ ആര്യാ രാജേന്ദ്രൻ ശുപാർശ കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണ സമയത്ത് മൊഴി നൽകിയതോടെ ആര്യയുടെ മൊഴിയിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ശുപാർശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മേയറുടെ മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ആര്യാ രാജേന്ദ്രന്റെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയായ ആര്യയുടെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്വേഷണത്തിലേക്ക് നീങ്ങുക. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.

ആര്യയുടെ മൊഴിക്ക് ശേഷം ഓഫീസിലെ ജീവനക്കാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നവമാധ്യമങ്ങൾ വഴി പ്രചരിച്ച കേസ് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.