• Mon. Sep 25th, 2023

24×7 Live News

Apdin News

news | ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിനിത് പുതുയുഗം! പുതിയ മന്ദിരത്തിൽ ലോക്‌സഭ ചേരുന്നു; ആദ്യം അവതരിപ്പിക്കുന്ന ബിൽ വനിത സംവരണം; നാളെ ചർച്ച നടത്തി ബിൽ പാസാക്കും; ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

Byadmin

Sep 19, 2023


മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിനിത് പുതുയുഗം. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.സ്പീക്കർ ഓം ബിർല ലോക്‌സഭ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു.

പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു പ്രധാനമന്ത്രി തുടർന്ന് ലോക്‌സഭയിൽ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. നാളെ ചർച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയിൽ വനിത ബില്ലിൽ ചർച്ച നടക്കും. പഴയ പാർലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം (‘സംവിധാൻ സദൻ’) എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു.,പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു.

അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. ഉച്ചയ്ക്കു 1.15ന് ലോക്‌സഭ ചേർന്നു. 2.15ന് രാജ്യസഭ നടപടികൾക്ക് തുടക്കമാകും. രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുത്തിരുന്നു. ഫോട്ടോ സെഷനുശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പുതിയ മന്ദിരത്തിൽ എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, സ്മരണികയായി നാണയം, സ്റ്റാംപുകൾ തുടങ്ങിയവ സമ്മാനമായി നൽകും.

പുതിയ പാർലമെന്റിലേക്കു മാറുന്നതിനു മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിൽ നേതാക്കൾ അനുഭവങ്ങൾ പങ്കിട്ടു. വികാരനിർഭര നിമിഷമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു ഗണേശ ചതുർഥി ആശംസകൾ നേർന്നാണു മോദി പ്രസംഗം തുടങ്ങിയത്.

”വികസിത ഇന്ത്യക്കായി പ്രതിജ്ഞ പുതുക്കിയാണു പഴയ മന്ദിരത്തിൽനിന്ന് പുതിയതിലേക്കു നമ്മൾ മാറുന്നത്. ഈ മന്ദിരത്തിലും സെൻട്രൽ ഹാളിലും നിറയെ ഓർമകളുണ്ട്. അതു നമ്മളെ വികാരഭരിതരാക്കുകയും കർത്തവ്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നു. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിബദ്ധത നാം പുതുക്കുകയാണ്. 1952 മുതൽ 41 ലോകനേതാക്കൾ സെൻട്രൽ ഹാളിനെ അഭിസംബോധന ചെയ്തു. 86 തവണ നമ്മുടെ രാഷ്ട്രപതിമാർ ഇവിടെ സംസാരിച്ചു.

ട്രാൻസ്‌ജെൻഡേഴ്‌സിന് ഉൾപ്പെടെ നീതിക്കായുള്ള നിയമനിർമ്മാണങ്ങൾ ഇവിടെ നടന്നു. എല്ലാ നിയമങ്ങളും ചർച്ചകളും ഇന്ത്യയുടെ അഭിലാഷങ്ങൾ പ്രോത്സാഹിപ്പിക്കാനാകണം. ഇവിടെയുള്ള ചിലർക്കു സംശയമുണ്ടെങ്കിലും ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നതിൽ ലോകത്തിന് ആത്മവിശ്വാസമുണ്ട്. ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഈ പാർലമെന്റ് സാക്ഷിയായി. ഭീകരവാദം, വിഘടനവാദം എന്നിവയെ നേരിടാൻ നിർണായക നീക്കമായിരുന്നു അത്.

ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും അംഗീകാരം നൽകിയതും ഇവിടെ വച്ചാണ്. മുത്തലാഖ് നിരോധനത്തിനും ഇവിടം സാക്ഷിയായി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. പുതിയ ഊർജത്തിൽ ഇന്ത്യ തിളങ്ങുകയാണ്” പ്രധാനമന്ത്രി മോദി പറഞ്ഞു.

ചെറിയ വിഷയങ്ങളിൽ നാം കുരുങ്ങി നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം നമ്മൾ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പുതിയ ബോധ്യത്തോടെയാണ് രാജ്യം ഉണർന്നത്. ഇന്ത്യ ഒരു പുതിയ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു. ഈ ബോധ്യത്തിനും ഊർജ്ജത്തിനും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഴിയും.

1947ൽ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാർ അധികാര കൈമാറ്റം നടത്തിയത്. ആ ചരിത്ര നിമിഷത്തിന്റെ സാക്ഷിയാണ് സെൻട്രൽ ഹാൾ. ലോക്‌സഭയും രാജ്യസഭയും ചേർന്ന് ഇതുവരെ 4000 നിയമങ്ങൾ പാസാക്കി. ആവശ്യം വന്നപ്പോൾ ബില്ലുകൾ പാസാക്കുന്നതിന് സംയുക്ത സെഷനുകൾ നടത്തി.

അമ്മാരായ മുസ്ലിം സ്ത്രീകൾക്കും സഹോദരിമാർക്കും നീതി ലഭിച്ചത് ഈ പാർലമെന്റിൽ വച്ചാണ്. മുത്തലാഖിനെ എതിർക്കുന്ന നിയമം പാസാക്കുന്നതിനും സെൻട്രൽ ഹാൾ സാക്ഷിയായി. കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ നീതി ഉറപ്പുവരുത്തുന്ന നിയമങ്ങളും പാർലമെന്റ് പാസാക്കി. ഇതോടെ ഇവർക്ക് മാന്യമായ രീതിയിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ നൽകാൻ സാധിച്ചു.

കേന്ദ്രസർക്കാർ വനിതകൾക്ക് ഇന്ത്യയുടെ ഭാവിയിൽ തുല്യ പങ്കാളിത്തം നൽകുന്ന ഈ അവസരത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനമെന്ന് ബിജെപി എംപി മനേക ഗാന്ധി. ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഈ ഘട്ടത്തിൽ അഭിമാനിക്കുന്നു. ആഴത്തിൽ വേരുപിടിച്ച ഈ അസമത്വം ക്രമീകരിക്കാൻ കഴിഞ്ഞു. ഇത് സ്ത്രീകൾക്ക് ഇന്ത്യയുടെ ഭാവിയിൽ തുല്യ പങ്കാളിത്തം നൽകും” അവർ കൂട്ടിച്ചേർത്തു.

രാജ്യം നേരിടുന്ന വെല്ലുവിളികളെ യഥാസമയം നേരിടാനായാൽ 2047നു മുൻപ് ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് രാജ്യസഭയിലെ സഭാനേതാവ് പീയുഷ് ഗോയൽ. പുതിയ പാർലമെന്റ് മന്ദിരം ‘ആത്മനിർഭർ ഭാരതിന്റെ’ പ്രതീകമാണെന്നും പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.By admin