സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൈക്കൂലി നൽകിയ അപേക്ഷകനും ഏജന്റിനുമെതിരെ പരാതി നൽകി വില്ലേജ് ഓഫീസർ. ശാസ്തമംഗലം വില്ലേജ് ഓഫീസർ സിമിയാണ് പൊലീസിൽ പരാതി നൽകിയത്.
വട്ടിയൂർക്കാവ് സ്വദേശി പ്രതാപനാണ് അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തിയത്. ഓഫീസിന് മുന്നിൽ അപേക്ഷകളെഴുതാനിരിക്കുന്നയാൾ ഉദ്യോഗസ്ഥർക്കെന്ന പേരിൽ ഇയാളിൽനിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നീട് പ്രതാപൻ തന്നെ ഇക്കാര്യം വില്ലേജ് ഓഫീസറെ അറിയിച്ചു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാൽ ഇരുവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് പ്രതാപന്റെ മൊഴിയെടുത്തു. വില്ലേജ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.