മറുനാടൻ മലയാളി ബ്യൂറോ
വയനാട്: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് വയനാട് അരിമുള സ്വദേശി അജയ് രാജ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തതും പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജിന്റെ ഫോൺ പരിശോധിച്ച് ഇതെല്ലാം തെളിവായി ഉറപ്പിക്കാനാകും പൊലീസിന്റെ ശ്രമം. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടും. കടമെടുത്ത പണം തിരിച്ചടച്ചിരുന്നോ, എന്നിട്ടും ഭീഷണി തുടർന്നോ തുടങ്ങിയ കാര്യത്തിൽ വ്യക്തത വരുത്താനും ശാസ്ത്രീയ പരിശോധന അനിവാര്യമാണ്.
അജയ് രാജിന് ലോൺ ആപ്പിൽ നിന്ന് ഭീഷണി നേരിട്ടതായി സഹോദരൻ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വന്നിരുന്നു. ഇതിൽ മനംനൊന്താകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ലോട്ടറി വില്പനക്കാരനായിരുന്നു അജയ് രാജ്. വിൽപ്പനയ്ക്ക് ടിക്കറ്റ് എടുക്കാൻ കൽപ്പറ്റയിലേക്ക് ഇന്നലെ രാവിലെ കൽപ്പറ്റയിലേക്ക് പോയതാണ്. എന്നാൽ അരി മുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയുമില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിൽ തുങ്ങിമരിച്ച നിലയിൽ കണ്ടത്തി. വിവരം അറിഞ്ഞവരെല്ലാം അമ്പരുന്നു. പക്ഷേ, സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ എത്തിയതോടെ, ദുരൂഹതയേറി.
പിന്നാലെയാണ് ഓൺലൈൻ ആപ്പുകളുടെ ഭീഷണി നേരിട്ട വിവരം വ്യക്തമായാത്. ഭാര്യയുടേയും മക്കളുടെയും അടക്കമുള്ള ബന്ധുക്കളുടെ ഫോണിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്നിരുന്നെന്ന് അജയ് രാജിന്റെ സഹോദരൻ ജയരാജ് പറഞ്ഞു. അജയ് ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കളും പറയുന്നു.
3747 രൂപയാണ് സെപ്റ്റംബർ ഒമ്പതിന് അജയ് രാജ് ക്യാൻഡി ക്യാഷ് എന്ന ആപ്പിൽ നിന്ന് കടമെടുത്തത്. ഇദ്ദേഹം സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. അജയ് രാജിന്റെ ഫോൺ പൊലീസ് വിശദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ, ഐടി വകുപ്പുകൾ ചേർത്താണ് കേസ് അന്വേഷണം.
കടമക്കുടിയിലെ ഓൺലൈൻ വായ്പാക്കെണി കേസിലും ശാസ്ത്രീയപരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. തുടരന്വേഷണത്തിൽ ഈ വിവരങ്ങൾ നിർണായകമാകും. കാക്കനാട് ലാബിൽ നിന്നും പരമാവധി വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കാനാണ് പൊലീസിന്റെ ശ്രമം. ആത്മഹത്യ ചെയ്ത നിജോയുടെയും ശിൽപയുടെയും സാമ്പത്തിക ഇടപാടുകൾ, ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ്, തട്ടിപ്പ് സംഘവുമായി നടത്തിയ ഇടപാടുകൾ എന്നിവയാണ് പരിശോധിക്കുക. തട്ടിപ്പ് സംഘം അയച്ച സന്ദേശങ്ങൾ നഷ്ടപ്പെട്ടിടുണ്ടെങ്കിൽ വീണ്ടെടുക്കാനാണ് ശ്രമം.