ഗ്രൂപ്പില്‍ മാധ്യമ വിമര്‍ശനമായിരുന്നു ഏറെയും. ഈ ഗ്രൂപ്പിലൂടെ പോലീസിന്റെ ഔദ്യോഗിക നീക്കങ്ങളും ചോര്‍ന്നതായി സംശയിക്കുന്നു.

കൊച്ചി: തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടിനു തെളിവായി വാട്ട്സ്ആപ്പ് ഗ്രൂപ്പ്. ‘ചങ്ക്സ് മംഗലപുരം’ എന്ന പേരിലുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ പോലീസുകാരും പ്രദേശത്തെ ഗുണ്ടകളും പിന്നെ ഇവരെ അറിയാമായിരുന്ന ചില തദ്ദേശവാസികളും മാത്രമായിരുന്നു അംഗങ്ങള്‍.
അഡ്മിനെ കണ്ടെത്തി. സംഭവം ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ് കുമാര്‍ നേരിട്ട് അന്വേഷിക്കുകയാണ്. വാട്ട്സ്ആപ്പ് കൂട്ടായ്മയെ കുറിച്ചുള്ള വിവരം പുറത്തായതോടെ മംഗലാപുരം സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലം മാറ്റാന്‍ ദക്ഷിണ മേഖല ഐ.ജി. ഉത്തരവിടുകയായിരുന്നു.
ഗ്രൂപ്പില്‍ മാധ്യമ വിമര്‍ശനമായിരുന്നു ഏറെയും. ഈ ഗ്രൂപ്പിലൂടെ പോലീസിന്റെ ഔദ്യോഗിക നീക്കങ്ങളും ചോര്‍ന്നതായി സംശയിക്കുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്ക് നിര്‍ദേശം നല്കി.
കൂട്ടായ്മയില്‍ തന്നെ ഉള്ളവരാണ് വിവരം പുറത്ത് വിട്ടത്. വിവാദമായതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി. പക്ഷേ സൈബര്‍ സെല്‍ ഇതിനോടകം തന്നെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. അംഗങ്ങള്‍ ആരൊക്കെയാണെന്നും അവര്‍ നടത്തിയ ആശയ വിനിമയങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്.
തലസ്ഥാന ജില്ലയില്‍ പോലീസില്‍ ശുദ്ധികലശം നടത്താനാണ് നീക്കം. ക്ലീന്‍ ഇമേജുള്ള എസ്.എച്ച്.ഒമാര്‍, സി.പി.ഒ, പി.ആര്.ഒ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇനി നിയമനം നല്‍കുക. മുഖ്യമന്ത്രിയുടെ അഡി. ്രെപെവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജില്ലാ പോലീസ് മേധാവി: ഡി. ശില്‍പ്പ നേരിട്ട് സി.ഐയെ വിളിച്ചുവെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതു വരെ ആരും അനങ്ങിയില്ല. വിളി മുകളില്‍നിന്ന് എത്തിയ ഉടന്‍ ഡി.ജി.പി, ഐ.ജി, കമ്മിഷണര്‍, റൂറല്‍ എസ്.പി. എന്നിവര്‍ ഞൊടിയിടക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാഞ്ഞെത്തി. പിന്നീട് കാര്യങ്ങള്‍ മിന്നല്‍ വേഗത്തിലായി.
ഉദ്യോഗസ്ഥ സംഘടനയുടെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നിര്‍ദേശിച്ചു. മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് നിയമനം നല്‍കാനും തീരൂമാനമായി. പട്ടികയിലുള്ള പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ തിരക്കി നിരവധി കോളുകള്‍ എത്തിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല.