
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്.
സംഘപരിവാര്‍ രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയെന്ന തുഷാര്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുഷാര്‍ ഗാന്ധി. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ എത്തുന്ന ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.