തിരുവനന്തപുരം: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തത്തില്‍ ദുരൂഹത സംശയിച്ച് പോലീസ്. രാവിലെ സ്ഥാപനത്തില്‍ ഒരാള്‍ എത്തി ബഹളം ഉണ്ടാക്കിയതായി പോലീസ് പറയുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തില്‍ വിശദമായി അന്വേഷണം നടക്കും.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍സിയില്‍ അപകടമുണ്ടായത്. ജീവനക്കാരി ഉള്‍പ്പെടെ രണ്ടു പേരാണ് തീപിടുത്തത്തില്‍ മരിച്ചത്. ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. മരിച്ച ജീവനക്കാരി മേലാങ്കോട് സ്വദേശി വൈഷ്ണ( 34)യാണെന്ന് തിരിച്ചറിഞ്ഞു.
രാവിലെ സ്ഥാപനത്തില്‍ എത്തി ബഹളം ഉണ്ടാക്കിയത് വൈഷ്ണയുടെ ഭര്‍ത്താവ് എന്നാണ് പോലീസ് സംശയിക്കുന്നത്. വൈഷ്ണയുടെ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.