
ശ്രീനഗർ: അഴിമതി ആരോപണത്തിൽ സിബിഐ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം മരണപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം. ബില്ലവാർ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ് ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കത്വയിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരിയിൽനിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്.
മുഷ്താഖിനെ പൊലീസ് സ്‌റ്റേഷനിലെ പ്രത്യേക മുറിയിൽ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി പറഞ്ഞ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ ദേവിയാണ് പൊലീസുകാരന്റെ മരണം സ്ഥിരീകരിച്ചത്. ‘ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചു. വിശദമായ റിപ്പോർട്ട് പിന്നീട് നൽകും,’ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.