
രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ്. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച രാഷ്ട്രപതി, വികസനത്തിന്റെ യാത്രയിലാണ് രാജ്യമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന് ദിശാബോധം നൽകുന്ന ഒന്നാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു.
ലോക വേദിയിൽ ഇന്ത്യയുടെ സ്വീകാര്യത വർധിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ജി20 കൂട്ടായ്മ മികച്ച ലോകസ്ഥിരതയ്ക്ക് വഴിയൊരുക്കും. ആഗോളത്തലത്തിൽ നിരവധി സാമ്പത്തിക അസ്ഥിരതകൾ സംഭവിച്ചിട്ടും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. കൊറോണ മഹാമാരി നാലാം വർഷത്തിലേക്ക് കടക്കുകയും ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയെ വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് രാഷ്ട്രപതി അടിവരയിട്ട് പറഞ്ഞു.
2020 മാർച്ചിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നടപ്പിലാക്കുകയും പാവങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൊറോണയുടെ അപ്രതീക്ഷിതമായ കടന്നുവരവിൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ സഞ്ചരിച്ചപ്പോഴും ആർക്കും ഇവിടെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു. ഭാഷാവൈവിധ്യങ്ങൾ രാജ്യത്തിന്റെ കരുത്താണെന്നും ദ്രൗപദി മുർമു പറഞ്ഞു.