കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്

photo; representative image
മുംബൈ: ഹോളിയോടനുബന്ധിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ട് വീതം ട്രിപ്പുകളുണ്ടാകും. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ.
ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ ഉണ്ടാകും. പാൻട്രി കാർ ഇല്ല. ഹോളി പ്രമാണിച്ച് സാധാരണ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാറില്ല. എന്നാൽ യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
എൽടിടി–കൊച്ചുവേളി (01063): മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി–എൽടിടി (01064): മാർച്ച് 8, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽനിന്ന് വൈകിട്ട് 4.20-ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45-ന് എൽടിടിയിലെത്തും.