മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: റബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയിൽ ഉറച്ച് തലശ്ശേരി ആർച്് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ വികാരമാണ് താൻ പ്രകടിപ്പിച്ചത്. അത്രയ്ക്ക് ഗതികേടിലാണ് റബർ കർഷകർ. പ്രസ്താവനക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടിയോട് അകൽച്ചയോ അയിത്തമോ ഇല്ല. അയിത്തമൊക്കെ കേരളത്തിൽ നിന്നും പോയിട്ട് കാലം കുറേയായി.
റബർ കർഷകർക്ക് ഇടതു മുന്നണി സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും റബർവില ഇപ്പോഴും 120തിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റബർ കർഷകരെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 15 ലക്ഷം കുടുംബങ്ങൾ കേരളത്തിൽ റബറിനെ ഉപജീവിച്ച് കഴിയുന്നുണ്ട്. വിലക്കുറവ് മൂലം ഇവരുടെയെല്ലാം ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.റബറിന്റെ വില കൂട്ടിയാൽ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മലയോര ജനത പരിഹരിക്കുമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയോട് സംസാരിക്കുന്നതിൽ സഭക്കോ സഭാനേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്നും പാപ്ലാംനി പറഞ്ഞു. ബിജെപിയെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ല. മലയോര കർഷകരുടെ പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത്. റബറിന്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്‌നം നിസാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന് തോന്നുണ്ടാവും പക്ഷേ മലയോര കർഷകരെ സംബന്ധിച്ചിടത്തോളം അത് ചെറിയ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് പറഞ്ഞത് കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘റബ്ബറിന് വിലയില്ല, വിലത്തകർച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബ്ബർ എടുക്കുക. നിങ്ങൾക്ക് ഒരു എംപി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.’, ബിഷപ്പ് പറഞ്ഞു.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021-ലെ പ്രകടനപത്രികയിൽ ഇത് 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കിയിട്ടില്ല. 120 രൂപയാണ് കർഷകന് റബ്ബറിന് നിലവിൽ ലഭിക്കുന്നത്. എന്നാൽ, ഇതിലേറ ചെലവ് ഉത്പാദനത്തിനും മറ്റും ഉണ്ടാവുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ക്രിസ്ത്യൻ വിഭാഗങ്ങളുമായി ബിജെപി. കൂടുതൽ അടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തലശ്ശേരി ബിഷപ്പിന്റെ ഇത്തരത്തിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അതേസമയം കേരളത്തിൽ വേറുറപ്പിക്കാൻ ക്രൈസ്തവ സമുദായ പിന്തുണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനകം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് കേക്കുമായി ക്രിസ്ത്യൻ കുടുംബങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാലിത് നടന്നില്ല. ഇതിന്റെ തുടർച്ചയായി വരുന്ന വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബിജെപി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കം നടക്കുന്നത്.
പാർട്ടിക്ക് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി.) എന്ന് പേരിട്ടിരിക്കുകയാണെന്ന് അറിയുന്നു. ബിജെപി. കേന്ദ്രനേതൃത്വമാണ് പേര് നിർദേശിച്ചതെന്നാണ് വിവരം. ചില കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് കാലമായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത്. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ്. പോലൊരു പാർട്ടിയാണ് ലക്ഷ്യം. നേരത്തെ ബി.ഡി.ജെ.എസ് രൂപക്ഷവൽകരിച്ച് ഈഴവ സമുദായത്തെ ഒപ്പം നിർത്താമെന്നാണ് ബിജെപി കണക്ക് കൂട്ടിയിരുന്നത്. പുതിയ പാർട്ടി രൂപവൽകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കാൻ മധ്യതിരുവിതാംകൂറിലെ ഒരു മുൻ മെത്രാൻ പ്രധാന പങ്കുവഹിച്ചതായാണറിയുന്നത്. ഡൽഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ പലതവണ കഴഞ്ഞിട്ടുമുണ്ട്.