തിരുവനന്തപുരം; ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര വലിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ ടി ജലീല്‍ എം എല്‍ എ. കൈപ്പിഴ സംഭവിച്താണെന്ന് ജലീല്‍ കുറിച്ചത് ഫെയ്‌സബുക്ക് കമന്റിന് നല്‍കിയ മറുപടിയിലാണ്.
വിവാദമായി മാറിയ അധ്യാപക ദിന പോസ്റ്റിന് താഴെയായിരുന്നു ജലീലിന്റെ കമന്റ്. എന്നാലും അസംബ്ലിയില്‍ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളജില്‍ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാല്‍ വിദ്യാഥികള്‍ താങ്കളുടെ ചെയ്യര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും നിലപാട്?- എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ- എന്നാണ് കമന്റിന് താഴെ ജലീല്‍ കുറിച്ചത്.
അധ്യാപക പോസ്റ്റില്‍ കുറിച്ച രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധിയുണ്ട്, പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്.- എന്ന വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. രക്തസാക്ഷികളെ ആക്ഷേപിച്ചു എന്ന് പറഞ്ഞ് ഇടതു പ്രൊഫൈലുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ജലീലിന് നേരെ ഉയരുന്നത്.