കൊച്ചി: തനിക്കെതിരേ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്‌ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ പ്രതികരിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരേ ഉയര്‍ന്നത്. ജയസൂര്യക്കെതിരേ രണ്ടു നടിമാര്‍ പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കിയിരുന്നു. ഇതിലൊരാളാണിപ്പോള്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ രംഗത്തെത്തിയത്. ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്നു പരാതിക്കാരി പറഞ്ഞു.
താന്‍ ഉയര്‍ത്തിയതു തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണു ജയസൂര്യയുടെ പേരു പുറത്തുപറഞ്ഞത്. താന്‍ കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ലെന്നും അവര്‍ പറഞ്ഞു.
സംവിധായകന്‍ രഞ്ജിത്തിനെതിരേ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ്. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണു തെളിവെടുപ്പു നടത്തിയത്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണു തെളിവെടുപ്പു നടന്നത്. ജോഷി ജോസഫിന്റെ സാക്ഷിമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരേയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണു കേസെടുത്തത്. തുടര്‍ന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു.
പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തു സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണു നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിനു ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കടവന്ത്രയിലെ ഫ്‌ളാറ്റില്‍വച്ചാണു നടിക്കു ദുരനുഭവമുണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്നു മനസിലാക്കിയ താന്‍ ഫ്‌ളാറ്റില്‍നിന്നു രക്ഷപ്പെട്ടു താമസിക്കുന്ന ഹോട്ടലിലേക്കു മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.