മറുനാടൻ മലയാളി ബ്യൂറോ
മൈസൂരു: മൂന്ന് ദിവസത്തിനിടെ മൈസൂരിൽ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെ. നാഗർഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെ മഞ്ജുവിനെയാണ് ഇന്നലെ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാൻ പോയ യുവതിയെയാണ് പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയിൽ ബിസ്ക്കറ്റ് വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നർസിപുരിലെ കനനായകനഹള്ളിയിൽ പുലിയുടെ ആക്രമണത്തിൽ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
മുന്ന് ദിവസത്തിനിടെ മൂന്നുപേർ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടപടികൾ ഊർജിതമാക്കി. പുലികളെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.