• Wed. Nov 30th, 2022

24×7 Live News

Apdin News

world cup 2022 | ഇരട്ട ഗോളുമായി ഒളിവർ ജിറൂഡ്; ലീഡുയർത്തി റാബിയോട്ടും എംബാപ്പെയും; അതിവേഗ ഗോളുമായി ഞെട്ടിച്ച ഓസ്‌ട്രേലിയയുടെ വല നിറച്ച് ഫ്രാൻസ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന ‘ശാപം’ മറികടന്ന് ദിദിയർ ദെഷാംസിന്റെ സംഘം

Byadmin

Nov 23, 2022


സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഫ്രാൻസിന് വിജയത്തുടക്കം. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് ഇത്തവണയും ആവർത്തുക്കമോയെന്ന് തുടക്കത്തിൽ ആശങ്കപ്പെട്ടെങ്കിലും ഓസ്‌ട്രേലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി പരിശീലകൻ ദിദിയർ ദെഷാംസിന്റെ സംഘം ആ നാണക്കേട് മറികടന്നു. ഒളിവർ ജിറൂഡ് ഇരട്ട ഗോൾ നേടിയപ്പോൾ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാൻസിന്റെ ഗോൾ പട്ടിക തികച്ചത്. ഗുഡ്വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.

ഒൻപതാം മിനിറ്റിൽ ഹാരി സൗട്ടറിന്റെ ക്രോസ് ഫീൽഡ് പാസ് പിടിച്ചെടുത്ത് മാത്യു ലെക്കി നൽകിയ ക്രോസിൽ നിന്നുള്ള ക്രെയ്ഗ് ഗുഡ്വിന്റെ ഞെട്ടിക്കുന്ന ഗോളിന് മുന്നിൽ പകച്ചുപോയ ഫ്രാൻസ് പിന്നീട് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ വലയിലാക്കി തിരിച്ചുവന്നു. രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി വലയിൽ കയറ്റി ഓസ്‌ട്രേലിയയെ തരിപ്പണമാക്കുകയായിരുന്നു.

ഡബിൾ നേടി ഗോൾവേട്ടയിൽ അര സെഞ്ചുറി തികയ്ക്കുക മാത്രമല്ല, തിയറി ഓന്റി എന്ന ഗോളടിയന്ത്രത്തിന്റെ റെക്കോഡിനൊപ്പമെത്തുക കൂടി ചെയ്ത ഒലിവർ ജിറൂഡാണ് ഫ്രഞ്ച് വിജയം അനായാസമാക്കിയത്. ഇരുവർക്കും 51 അന്താരാഷ്ട്ര ഗോളുകൾ വീതമാണുള്ളത്. രണ്ടു തവണ വലകലുക്കി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ യൂറോപ്യൻ താരവുമായിരിക്കുകയാണ് 36 വയസും 53 ദിവസവും പ്രായമായ ജിറൂഡ്.

ഫ്രഞ്ച് മുന്നേറ്റത്തോടെ തുടങ്ങിയ കളിയിൽ അപ്രതീക്ഷിതമായാണ് ഓസീസ് ലീഡെടുത്തത്.ഒമ്പതാം മിനിറ്റിൽ പിൻനിരയിൽ നിന്ന് സൗട്ടർ നൽകിയൊരു ലോംഗ് ബോൾ പിടിച്ചെടുത്ത് ഓടിയെത്തിയെ ഹെർണാണ്ടസിനെ മറികടന്ന് വലതു വിംഗിൽ നിന്ന് ലെക്കി നൽകിയ മനോഹരമായൊരു ക്രോസിൽ ക്ലിനിക്കൽ ഫിനിഷിംഗിലൂടെ ഗുഡ്വിൻ ആണ് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചത്.ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഇന്ന് നടന്ന ആദ്യമത്സരത്തിൽ സൗദി അറേബ്യക്കെതിരെ പത്താം മിനിറ്റിൽ ലിയോണൽ മെസി നേടിയ ഗോളായിരുന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ ഗോൾ. ഗോൾ വീണതോടെ ഉണർന്ന ഫ്രാൻ അതിവേഗ ആക്രമണങ്ങളുമായി ഓസീസ് പ്രതിരോധത്തെ പരീക്ഷിച്ചു.

മധ്യനിരയിൽ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേർന്ന് നെയ്‌തെടുത്ത നീക്കങ്ങൾ ഓസ്‌ട്രേലിയൻ ബോക്‌സിലെത്തിയെങ്കിലും 20 മിനിറ്റോളം ഓസീസ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ സമനില ഗോളിനായി ഒന്നിന് പുറകെ ഒന്നായി ആക്രമണം തൊടുത്തുവിട്ട ഫ്രാൻസ് കാത്തിരുന്ന ഗോൾ 27-ാം മിനിറ്റിൽ റാബിയോട്ടിന്റെ തലയിൽ നിന്ന് പിറന്നു. കോർണറിൽ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്‌സിലേക്ക് ഉയർത്തി അടിച്ച ഹെർണാണ്ടസാണ് ഗോളിലേക്കു സമനിലാശ്വാസത്തിലേക്കുമുള്ള വഴി തുറന്നത്. ഹെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസിൽ റാബിയോട്ടിന്റെ മനോഹര ഹെഡ്ഡർ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാൻസിന് ശ്വാസം നേരെ വീണത്.

തൊട്ടുപിന്നാലെ കിലിയൻ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹിൽ പാസിൽ നിന്ന് റാബിയോട്ടാണ് ഫ്രാൻസിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും. ബോക്‌സിനകത്ത് എംബാപ്പെ നൽകിയ അപ്രതീക്ഷിത ബാക് ഹീൽ പാസ് പിടിച്ചെടുത്ത റാബിയോട്ട് നൽകിയ ക്രോസിൽ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ചുമതലയെ ഒളിവർ ജിറൂഡിനുണ്ടായിരുന്നുള്ളു. പിഴവുകളേതുമില്ലാത ജിറൂഡ് മനോഹരമായി ഫിനിഷ് ചെയ്തതോടെ ഫ്രാൻസ് 2-1ന് മുന്നിൽ.പിന്നീട് പല തവണ ഫ്രാൻസ് ഗോളിന് അടുത്തെത്തി.

36ാം മിനിറ്റിൽ ജിറൂർഡിന് ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.39ാം മിനിറ്റിൽ എംബാപ്പെയുടെ പാസിൽ ലഭിച്ച തുറന്നവസരം ഗോളാക്കി മാറ്റാൻ ഡെംബെലെക്കുമായില്ല.42ാം മിനിറ്റിൽ എംബാപ്പെയുടെ മറ്റൊരു ബാക് ഹീൽ പാസിൽ നിന്ന് ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഓസീസ് പോസ്റ്റിനെ ഉരുമ്മി കടന്നുപോയി.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗ്രീസ്മാന്റെ ഡയഗണൽ ക്രോസിൽ നിന്ന് ലഭിച്ചൊരു സുവർണാവസരം എംബാപ്പെയും നഷ്ടമാക്കി.പിന്നാലെ നടത്തിയൊരു കൗണ്ടർ അറ്റാക്കിൽ ഓസ്‌ട്രേലിയയുടെ ഇർവിൻ തൊടുത്ത ഹെഡ്ഡർ ഫ്രാൻസിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചത് ലോകചാമ്പ്യന്മാർക്ക് അനുഗ്രഹമായി.

രണ്ടാം പകുതിയിലും ഫ്രാൻസിന്റെ തുടർ ആക്രമണങ്ങളാണ് കണ്ടത്. ജിറൂഡിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിൽ കേറാതെ പുറത്ത് പോയി. 66-ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഗോളെന്നുറച്ച ഷോട്ട് ഓസീസ് പ്രതിരോധ താരം ബെഹിച്ച് ഗോൾ ലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിലിയൻ എംബാപ്പെയും ഓസീസ് ഗോൾവലയിൽ പന്തെത്തിച്ചു.

68-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെയാണ് മൂന്നാമതും വല കുലുക്കി സോക്കറൂസിന്റെ വമ്പൊടിച്ചു. ഡെംബലെ നൽകിയൊരുഗ്രൻ ക്രോസ് രണ്ട് ഓസീസ് പ്രതിരോധതാരങ്ങൾക്കിടയിലൂടെ ചാടി എംബാപ്പെ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് 71-ാം മിനിറ്റിൽ ജിറൂഡ്് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ഇടതുവിങ്ങിലൂടെ മികച്ചൊരു മുന്നേറ്റം നടത്തി എംബാപ്പെ നൽകിയ ക്രോസ് ജിറൂദ് വലയിലെത്തിക്കുകയായിരുന്നു.

മൂന്ന് മുൻനിരക്കാരുടെ പരിക്കിൽ മുടന്തിയാണ് ഇറങ്ങിയതെങ്കിലും ഫ്രഞ്ച് ആക്രമണത്തിൽ അതൊരു പോരായ്മയായില്ല. ഡെംബലെയും എംബാപ്പെയും ഗ്രീസ്മാനും ജോഡി ചേർന്നതോടെ ആക്രമണത്തിന് തൊട്ടാൽ മുറിയ മൂർച്ചയായി. എന്നാൽ, ഇവരെ വലച്ചത് സോക്കറൂസിന്റെ കളി മികവാണ്. കടലാസിലെ കരുത്തരായ ഫ്രഞ്ച് നിരയെ തുടക്കത്തിൽ നിരന്തരം സമ്മർദത്തിലാക്കാൻ ഓസീസിന് കഴിഞ്ഞു. എംബാപ്പെയും ഡെംബലെയും ആയുധം ആക്രമണം കടുപ്പിച്ചതോടെയാണ് അവർ ഒന്നയഞ്ഞത്. പിന്നീട് കളി ഫ്രാൻസിന്റേതായി. ഓസ്‌ട്രേലിയ നിഷ്പ്രഭമായി. എംബാപ്പെയും ജിറൂഡൂമെല്ലാം യഥേഷ്ടം മേഞ്ഞുവിലസുന്നതാണ് തുടർന്നു കണ്ടത്. അതിനനുസരിച്ച് സോക്കറൂസിന്റെ വല നിറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.