മസ്കത്ത് > ‘ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാന്നെന്നും എന്നാൽ അറബ് സാമൂഹ്യ മാധ്യമ ലോകത്ത് ഈ സിനിമ വിമർശിക്കപ്പെടുന്നതിൽ ദു:ഖിതനാണന്നും’ സിനിമയിൽ ക്രൂരനായ മുതലാളിയായി അഭിനയിച്ച ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി. മസ്കത്തിലെ റൂവിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ മുഖ്യ അതിഥി ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെന്യാമിൻ ബ്ലെസ്സി ടീമിന്റെ ആടുജീവിതം സിനിമ മാർച്ച് 28നാണ് റിലീസ് ചെയ്തത്. മാസങ്ങൾക്കു ശേഷം ചിത്രം നെട്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെയാണ് വിമർശനം ഉയരുന്നത്. അറബിക് പരിഭാഷ പുറത്തിറങ്ങിയതിനു ശേഷമാണ് വിഷയം അറബ് ലോകത്ത് ചർച്ച തുടങ്ങിയതെന്നും താലിബ് പറയുന്നു.
സോഷ്യൽ മീഡിയയിൽ ചിലർ ഈ സിനിമയുടെ കഥയും താൻ ഈ സിനിമയിൽ അഭിനയിച്ചതും ഇഷ്ടപ്പെടുന്നില്ല. ചിത്രം സംസാരിക്കുന്നത് കേവലം സൗദിഅറേബ്യയോ, ഒമാനൊ അതുപോലെ ഏതെങ്കിലും അറബ് രാജ്യങ്ങളിൽ മാത്രമുള്ള വിഷയത്തെക്കുറിച്ചല്ലെന്നും ലോകത്തെവിടെയും സംഭവിക്കുന്ന തൊഴിലാളി പ്രശനത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നതെന്നുമെന്നാണ് വിമർശകരോട് പറയാനുള്ളതെന്നും താലിബ് വ്യക്തമാക്കി.
ലോകം മുഴുവനും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും തൊഴിൽ പ്രശനങ്ങൾ പരിഹരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഈ സിനിമ ചെയ്തത്. ഈ ചിത്രം നൽകുന്ന വലിയ സന്ദേശവും അത് തന്നെയാണ്. മനുഷ്യത്വത്തെ കുറിച്ചു വലിയ സന്ദേശം നൽകുന്ന സിനിമയാണ് ആടുജീവിതം. ഏതു രാജ്യക്കാരായാലും മനുഷ്യരെ കുറിച്ചും അവരുടെ പ്രശനങ്ങളെ കുറിച്ചും സംസാരിക്കുന്ന കൂടുതൽ ചിത്രങ്ങൾ ഭാവിയിൽ ഉണ്ടാവട്ടെയെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ചു ഗൾഫ് നാടുകളിലെ ആളുകളെ മോശക്കാരാക്കുന്ന നിലയിലാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും അറബ് മേഖലയാകെ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നുള്ള സന്ദേശം സിനിമ നൽകുന്നുണ്ടെന്നുമുള്ള വിമർശനമാണ് ആടിജീവിതത്തെക്കുറിച്ച് അറബ് ലോകത്ത് നടക്കുന്നത്.
ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ആടുജീവിതം സിനിമയിലഭിനയിച്ച ജോർദാനി നടൻ ആകിഫ് നജം ട്വിറ്ററിൽ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മണലാരണ്യത്തിൽ പെട്ടുപോയ രണ്ട് പേരെ രക്ഷപെടാൻ വഴി കാണിച്ചു കൂടെ യാത്ര ചെയ്യുന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ആടുജീവിതത്തിൽ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചത് കഥ പൂർണ്ണമായി അറിയാതെയാണ്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല എന്ന് ആക്കിഫ് നജം പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ