Posted By: Nri Malayalee
January 24, 2023

സ്വന്തം ലേഖകൻ: ആദ്യമായി അപേക്ഷിക്കുന്നവർക്ക് വീസ വേഗത്തിൽ ലഭ്യമാക്കുന്നതിന് ശനിയാഴ്ചകളിൽ പ്രത്യേക ഇന്റർവ്യൂ സ്ലോട്ടുകൾ തുറന്ന് യുഎസ് എംബസി. കോവിഡ് 19 നെ തുടർന്ന് വീസ നടപടികളിലുണ്ടായ കാലതാമസം മറികടക്കുന്നതിനാണ് പുതിയ നീക്കം. പുതിയ ദൗത്യത്തിന്റെ ഭാഗമായി ഡൽഹിക്ക് പുറമെ മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫിസുകളിലെ കോൺസുലർ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു.
ഈ പ്രത്യേക അഭിമുഖങ്ങളിൽ ആദ്യത്തേത് കഴിഞ്ഞ ആഴ്ച നടന്നതായി എംബസി അറിയിച്ചു. വരും മാസങ്ങളിൽ ശനിയാഴ്ചകളിൽ ടൈം സ്ലോട്ടുകൾ തുറക്കുമെന്നും വ്യക്തമാക്കി. ”ജനുവരി 21 ന് ശനിയാഴ്ചകളിലെ പ്രത്യേക ഇന്റർവ്യൂകളിൽ ആദ്യത്തേതിന് യുഎസ് മിഷൻ തുടക്കമിട്ടു. ആദ്യമായി വീസയ്ക്ക് അപേക്ഷിക്കുന്നവർ നേരിടുന്ന നീണ്ട കാലതാമസം കുറയ്ക്കുന്നതിനു വേണ്ടിയാണിത്,” പ്രസ്താവനയിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുൻ യുഎസ് വീസകളുള്ള അപേക്ഷകർക്കായി വിദൂര അഭിമുഖങ്ങൾ വഴി വീസ പ്രോസസിങ്ങിനുള്ള സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഈ അപേക്ഷകർ ഇനി അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതില്ല.
എംബസിയിലും കോൺസുലേറ്റുകളിലും സ്ഥിരമായി നിയോഗിക്കപ്പെട്ട കോൺസുലർ ഓഫീസർമാരുടെ എണ്ണവും വകുപ്പ് വർധിപ്പിക്കുന്നുണ്ട്. 2023 ജനുവരിക്കും മാർച്ചിനും ഇടയിൽ വീസകളുടെ എണ്ണം കൂട്ടുന്നതിനായി മറ്റ് എംബസികളിൽ നിന്നുള്ള താൽക്കാലിക കോൺസുലർ ഓഫീസർമാർ ഇന്ത്യയിലെത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. മെക്സിക്കോയും ചൈനയും കഴിഞ്ഞാൽ ഏറ്റവുമധികം യുഎസ് വീസകൾ നേടുന്ന രാജ്യം ഇന്ത്യയാണ്.