മസ്കത്ത് > ഒമാനിലോ വിദേശത്തോ ഉപയോഗിക്കുന്നതിന് വേണ്ടി രാജ്യത്ത് പണപിരിവ് നടത്തുന്നതിന് മാനദന്ധം നിശ്ചയിച്ചു. അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കാൻ സാധിക്കൂ എന്ന് സാമൂഹ്യ വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെ പണംപിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്.
നിയപരമായി അംഗീകരിച്ച ക്ലബുകൾക്കും സംഘടനകൾക്കും മന്ത്രാലയത്തിന്റെ അനുമതിയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം പിരിക്കാനാവും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തവർക്കും കൃത്യമായ ചാരിറ്റിലക്ഷ്യം വെച്ചു പ്രവർത്തനം നടത്തുന്നവർക്കും മാത്രമാണ് ഇത്തരത്തിൽ പണം പിരിക്കാനുള്ള അനുമതി ഉണ്ടാകുക.
അനുമതിയില്ലാതെ പണപിരിവ് നടത്തുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൽ 299, 300 പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ പണം പിരിച്ചാൽ ഒരു മാസം മുതൽ മുന്ന് മാസം വരെ തടവും 200 റിയാൽ മുതൽ 600 റിയാൽ വരെ പിഴയും ചുമത്തും. ആർട്ടിക്കിൾ 300 പ്രകാരം ലൈസൻസില്ലാതെ പണംപിരിക്കുകകയും അത് രാജ്യത്തിന്റെ പുറത്തേക്ക് അയക്കുകയും ചെയ്താൽ മുന്ന് മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും ഇടാക്കും.
സാമൂഹ്യ സംരംഭങ്ങളെ സഹായിക്കുന്നതിന് ചാരിറ്റബിൾ സംഭാവനകൾക്കായി ‘ജൗദ് ‘ എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഒമാനിലെ ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധസേവകർക്കും സൂരക്ഷിതമായി ഇ പെയ്‌മെന്റ് വഴി പണം കൈമാറാൻ സാധിക്കും.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്ലാറ്റ് ഫോം അവസരമൊരുക്കും. സംഭാവന പ്രക്രിയ കാര്യക്ഷമമാക്കാനും ഫണ്ട് യഥാർത്ഥ ആവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ