Posted By: Nri Malayalee
January 23, 2023

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനായി ഖത്തര്‍ പ്രത്യേകം സജ്ജമാക്കിയ ഫാന്‍ കാര്‍ഡും യാത്രാ രേഖയുമായ ഹയ്യാകാര്‍ഡ് വഴി രാജ്യത്ത് എത്തിയവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള കാലാവധി ഇന്നത്തോടെ അവസാനിക്കും. ഹയ്യാ കാര്‍ഡില്‍ എത്തിയ മുഴുവന്‍ പേരും ഇന്നത്തോടെ രാജ്യം വിടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തി രാജ്യത്ത് തുടര്‍ന്നാല്‍ അനധികൃത താമസത്തിന് പിഴയടക്കേണ്ടിവരും.
ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്നു. ഈ കാലയളവില്‍ ലോകകപ്പ് ടിക്കറ്റുള്ളവര്‍ക്ക് ഹയ്യാ കാര്‍ഡിനു പുറമെ മറ്റൊരു യാത്രാ വീസ ആവശ്യമായിരുന്നില്ല. ആരാധകര്‍ക്ക് പുറമെ വിദേശികളുടെ കുടുംബാംഗങ്ങളും ഹയ്യാ കാര്‍ഡ് വഴി ഖത്തറിലെത്തിയിരുന്നു.
ഹയ്യാ കാര്‍ഡ് വഴി വന്നവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള കാലാവധി ജനുവരി മൂന്നിന് അവസാനിക്കുകയാണ്. പത്ത് ലക്ഷത്തിലേറെ പേര് ഖത്തറില്‍ കളികാണാനെത്തിയെന്നാണ് കണക്ക്. യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ഉള്‍പ്പെടെ ഖത്തറിലെത്തിയവര്‍ ലോകകപ്പ് കഴിഞ്ഞ ഉടന്‍ തന്നെ മടങ്ങിപ്പോയെങ്കിലും ചിലര്‍ തുടര്‍ന്നും ഖത്തറില്‍ താമസിച്ചിരുന്നു.
എന്നാല്‍ ഇവരെല്ലാം ജനുവരി 23 ഓടെ മടങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം, നിയമലംഘനമായി കണക്കാക്കി അനധികൃത താമസത്തിന് പിഴ ചുമത്തും. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓര്‍ഗനൈസര്‍ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് രാജ്യത്ത് തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി.