• Sun. Sep 8th, 2024

24×7 Live News

Apdin News

നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച, പട്ടിണി; വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നമീബിയ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Sep 3, 2024


Posted By: Nri Malayalee
September 2, 2024

സ്വന്തം ലേഖകൻ: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾ വരൾച്ചയെതുടർന്ന് പട്ടിണിയിലാണ്. കടുത്ത വരൾച്ചയെ അതിജീവിക്കാൻ നമീബിയയിൽ വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നിർദേശം നൽകിയിരിക്കുകയാണിപ്പോൾ. കാട്ടാനകൾ കൂടാതെ 300 സീബ്രകൾ, 30 ഹിപ്പോകൾ, 50 ഇംപാലകൾ, 60 എരുമകൾ, 100 നീല കാട്ടുപോത്തുകൾ, 100 ഇലാൻഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

83 ആനകൾ ഉൾപ്പെടെ 723 വന്യമൃഗങ്ങളെ കൊന്നൊടുക്കാനാണ് രാജ്യം പദ്ധതിയിടുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭക്ഷണം ലഭ്യമാക്കാനും മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സിംബാവെയിൽ ആനകൾ കുറഞ്ഞത് 50 പേരെ കൊന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത വരൾച്ച കാരണം ജനുവരിയോടെ സിംബാബ്‌വെയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ കുറഞ്ഞത് 160 ആനകൾ ചരിഞ്ഞിരുന്നു.

വന്യമൃ​ഗങ്ങളെ ഭക്ഷിക്കുന്നത് നമീബിയകാർക്ക് പുതുമയുള്ള കാര്യമല്ല. സീബ്ര, ഇംപാല പോലുള്ള ചില മൃഗങ്ങളെയെങ്കിലും പ്രദേശത്തെ ആളുകൾ ഭക്ഷിക്കാറുണ്ടെന്നാണ് നമീബിയൻ സർക്കാരിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനകം, കുറഞ്ഞത് 157 മൃഗങ്ങളെയെങ്കിലും കൊന്നതായും അവയിൽ നിന്ന് ഏകദേശം 63 ടൺ മാംസം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. നിരവധി ദേശീയ പാർക്കുകളിൽ ആനകൾക്കും മറ്റ് ജീവികൾക്കും വെള്ളം എത്തിക്കുന്നതിന് വേണ്ടി ഫണ്ട് ശേഖരണ പ്രവർത്തനവും നടക്കുന്നുണ്ട്.

പ്രകൃതിവിഭവങ്ങൾ നമീബിയൻ പൗരന്മാരുടെ പ്രയോജനത്തിനായി ഉപയോഗിക്കാമെന്ന് ഭരണഘടന പറയുന്നുണ്ടെന്ന് പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ആഫ്രിക്കയെയാണ് വരൾച്ച പ്രധാനമായും ബാധിക്കുന്നത്. മേഖലയിലെ 30 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ജൂണിൽ അഭിപ്രായപ്പെട്ടിരുന്നു.

വരൾച്ച ഈ പ്രദേശത്ത് ഒരു സാധാരണ പ്രതിഭാസമാണെന്ന് യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൻ്റെ വക്താവായ ബെഞ്ചമിൻ സുവാരറ്റോ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ കടുത്ത വരൾച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് എൽ നിനോ പ്രതിഭാസമായിരിക്കാം. വാർഷിക മഴയുടെ പകുതിയിൽ താഴെയാണ് ഈ പ്രദേശങ്ങളിൽ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾക്കും മൃ​ഗങ്ങൾക്കും ഭക്ഷണമില്ലെന്ന് നമീബിയയിലെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൻ്റെ ഡയറക്ടർ ജൂലിയൻ സീഡ്‌ലറും പറഞ്ഞു.

By admin