പാചക വാതക സിലിണ്ടറുകൾ സൂക്ഷിച്ച ലോറികൾക്ക് കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പ്രവേശനമില്ല

പാചക വാതക സിലിണ്ടറുകൾ സൂക്ഷിച്ച ലോറികൾ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് തടയുന്നു. സിലിണ്ടറുകൾ സൂക്ഷിച്ച കാരണം പറഞ്ഞ് തുറമുഖത്തിന്റെ മെയിൻ ഗെയ്റ്റിൽ നിന്ന് നിരവധി ലോറികളാണ് സുരക്ഷാ വിഭാഗം തിരിച്ചയക്കുന്നത്. ലോറികളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നും ഇത് നിയമ നിർദേശങ്ങളുടെ ലംഘനമാണെന്നും പറഞ്ഞാണ് സുരക്ഷാ വിഭാഗം ട്രക്കുകൾ തിരിച്ചയക്കുന്നത്. സിലിണ്ടറുകൾ സൂക്ഷിച്ച കാരണത്താൽ ദമാം തുറഖത്ത് പ്രവേശന വിലക്കേർപ്പെടുത്തുന്ന ലോറികളുടെ എണ്ണം സമീപ കാലത്ത് വർധിച്ചതായി അറിയിച്ചും ഇക്കാര്യത്തിൽ ചരക്കുനീക്ക കമ്പനികളെയും സ്ഥാപനങ്ങളെയും ബോധവൽക്കരിക്കണമെന്ന് നിർദേശിച്ചും ദമാം തുറമുഖത്തെ സുരക്ഷാ വിഭാഗം അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിന് കത്തയച്ചു. ദീർഘദൂര യാത്രകൾക്കിടെ മാർഗമധ്യേ ഭക്ഷണം പാകം ചെയ്യാനും മറ്റുമാണ് ഡ്രൈവർമാർ ലോറികളിൽ ചെറിയ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്.