മുരുകന്‍ കാട്ടാക്കടക്കെതിരായ വധഭീഷണിയില്‍ കേളിയുടെ പ്രതിഷേധം

റിയാദ്> കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയെ ശക്തമായി അപലപിക്കുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി. തിരഞ്ഞെടുപ്പ് വേളയില് ഇടതുപക്ഷ പ്രവര്ത്തകര് വ്യാപകമായി പങ്കുവെച്ച ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനും അതിന് ദൃശ്യവിഷ്കാരം നല്കിയതിനുമാണ് സംഘപരിവാര് ശക്തികള് വധഭീഷണി മുഴക്കിയിരിക്കുന്നത്.

മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില് മനുഷ്യരെ വിഭജിക്കുന്നതിനെതിരെ ശബ്ദിക്കുകയും, എഴുതുകയും പാടുകയും ചെയ്യുന്നവരെയൊക്കെ നിശബ്ദരാക്കാന് സംഘപരിവാര് ശക്തികളും മറ്റ് മതവര്ഗ്ഗീയ തീവ്രവാദികളും ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങള് നടത്തുന്നുണ്ട്. സോഷ്യല് മീഡിയയില് വൈറലായ ഒരു നൃത്ത വീഡിയോയുടെ പേരില് രണ്ടു മെഡിക്കല് വിദ്യാര്ഥികള്ക്കെതിരെ ഉയരുന്ന വര്ഗ്ഗീയ പ്രചരണം മറ്റൊന്നല്ല കാണിക്കുന്നത്. ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും ഈ വര്ഗ്ഗീയവാദികള്ക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലും ഇത്തരം ഭീഷണികള് ഇതിനുമുമ്പും എഴുത്തുകാര്ക്ക് നേരെ ഉണ്ടായിട്ടുണ്ട്.

മാനവികത ഉയര്ത്തിപ്പിടിച്ച് സമൂഹത്തിലെ തിന്മകള്ക്കെതിരെ ശബ്ദമുയര്ത്തുന്ന കലാകാരന്മാര്ക്കും, സാഹിത്യകാരന്മാര്ക്കും എതിരെ ഉയരുന്ന ഇത്തരം ഭീഷണികള് ഒരു വിധത്തിലും വെച്ചുപൊറുപ്പിക്കാന് അനുവദിക്കരുതെന്നും, അതിനെതിരെ കേരളത്തിലെ മുഴുവന് കലാ-സാഹിത്യ സമൂഹവും ഒറ്റക്കെട്ടായി ശബ്ദമുയര്ത്തണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രതിഷേധ കുറിപ്പില് വ്യക്തമാക്കി